കൊച്ചി:
പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും, മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവുമായ വികെ ഇബ്രഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 10.25 ഓടെയാണ് മരടിലെ ലേക് ഷോര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മുന്‍കൂര്‍ജാമ്യത്തിനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അതേസമയം, ഇബ്രാംഹികുഞ്ഞിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനാണ് സാധ്യത. പാലാരിവട്ടം പാലം അഴിമതി കേസിൽ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത കാര്യം അന്വേഷണസംഘം കോടതിയെ അറിയിക്കും. അദ്ദേഹത്തെ ഓണ്‍ലെെനായി കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
അതേസമയം, ചികിത്സിക്കുന്ന ഡോക്ടര്‍ പറയുന്നത് അദ്ദേഹം ചികിത്സയില്‍ തുടരുന്ന സാഹചര്യത്തില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാന്‍ കഴിയില്ലയെന്നാണ്. കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം അര്‍ബുദ രോഗത്തിന് ചികിത്സ തേടുകയാണെന്നും ഡോക്ടര്‍ അറിയിച്ചിട്ടുണ്ട്. ആരോഗ്യ നില തൃപ്തികരമല്ലാത്ത അവസ്ഥയില്‍ ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ട് പോകാന്‍ കഴിയില്ലയെന്നാണ് വിജിലന്‍സിനോട് ഡോക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യനില വിശദമായി പരിശോധിച്ച ശേഷമാകും തുടർനടപടികൾ.
https://www.youtube.com/watch?v=sy1Hn-HK3b0
ഇബ്രാഹിംകുഞ്ഞിന്‍റെ ആലുവയിലെ വീട്ടിൽ ഇന്ന് രാവിലെ വിജിലൻസ് എത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്നാണ് ഭാര്യ വിജിലന്‍സിനോട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് വിജിലൻസ് ആശുപത്രിയിലെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥിതിക്ക് ഇബ്രാഹിംകുഞ്ഞിന് വിജിലൻസ് നിരീക്ഷണത്തിൽ ചികിത്സയിൽ തുടരാം.