പത്തനംതിട്ട:
ബിലീവേഴ്സ് ചര്‍ച്ചില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ രണ്ടരക്കോടി രൂപ കൂടി പിടികൂടി. തിരുവല്ലയിലെ ഫ്ലാറ്റിലും മറ്റ് സ്ഥലങ്ങളില്‍ നിന്നുമാണ് പണം കണ്ടെത്തിയത്. ഇതുവരെ 17 കോടിയോളെ രൂപയാണ് ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ നിന്ന് പിടികൂടിയത്.
തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പ് സമന്‍സ് അയക്കുകയും ചെയ്തു. കൊച്ചിയിലെ ഇന്‍കം ടാക്സ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. അദ്ദേഹം ഇപ്പോള്‍ വിദേശത്താണുള്ളത്.
കഴിഞ്ഞയാഴ്ചകളില്‍ നടത്തിയ റെയ്ഡില്‍ ആണ് ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകളും എഫ്സിആര്‍എ വെെലേഷനും കണ്ടെത്തിയത്.
https://www.youtube.com/watch?v=AtBsl-KXyVE
ആദ്യ ദിവസം നടത്തിയ റെയ്ഡില്‍ കാറിന്‍റെ ഡിക്കിയില്‍ നിന്ന് 57 ലക്ഷം രൂപയായിരുന്നു പിടികൂടിയത്. രണ്ടാമത്തെ ദിവസം ആദായനികുതി വകുപ്പ് പരിശോധനയിൽ ഡല്‍ഹിയിലും കേരളത്തിലുമായി കണക്കില്‍പ്പെടാത്ത അഞ്ച് കോടിയോളം രൂപയാണ് പിടിച്ചെടുത്തത്.
പതിനാലരക്കോടി രൂപയാണ് കഴിഞ്ഞയാഴ്ചകളില്‍ നടത്തിയ റെയ്ഡില്‍കണ്ടെത്തിയത്. വാഹനങ്ങളിലും പല സ്ഥലങ്ങളിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. സഭയുടെ ഉടമസ്ഥതയിലുള്ള സ്കൂളുകൾ, കോളേജുകൾ, ട്രസ്റ്റുകളുടെ ഓഫീസുകൾ എന്നിവിടങ്ങളിലും ബിഷപ്പ് കെ പി യോഹന്നാൻ്റെ വീട്ടിലും ആയിരുന്നു പരിശോധന നടത്തിയത്.
ഇതേതുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തിരുവല്ലയിലെ ഒരു ഫ്ലാറ്റില്‍ നിന്ന് 2 കോടി രൂപയും. ബാക്കിയുള്ള സ്ഥലങ്ങളില്‍ നിന്ന് 50 ലക്ഷം രൂപയും പിടിച്ചെടുത്തത്.
നൂറ് കോടി രൂപയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 6000 കോടി രൂപ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ട്രസ്റ്റുകള്‍ക്ക് വിദേശത്ത് നിന്ന് സഹായമായി കിട്ടിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. പാവങ്ങളുടെ പേരില്‍ വന്ന ഈ പണം വഴിതിരിച്ച് വിടുകയായിരുന്നുവെന്നാണ് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തല്‍.
ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകള്‍ സർക്കാരിനു നല്‍കണമെന്നുമാണ് നിയമം പറയുന്നത്.എന്നാല്‍ ചാരിറ്റിയുടെ പേരില്‍ കൈപറ്റിയ തുക റിയല്‍ എസ്‌റ്റേറ്റ് മോഖലയിലെല്ലാമാണ് ബിലീവേഴ്‌സ് ചര്‍ച്ച് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വിദേശസഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്നാണ് ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് ആദായ വകുപ്പ് പറയുന്നത്. സിബിഐയും ഈ കേസിന്‍റെ വിശദാംശങ്ങള്‍ പരിശോധിച്ച് വരികയാണെന്നാണ് വിവരം.
കെപി യോഹന്നാന്‍റെ കീഴിലുള്ള സ്ഥാപനങ്ങൾ വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് 2012ല്‍ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആ അന്വേഷണങ്ങളൊന്നും കാര്യമായ രീതിയില്‍ നടന്നിരുന്നില്ല.