Mon. Dec 23rd, 2024
Aluva_Municipal_Office
കൊച്ചി:

ആലുവ നഗരസഭയില്‍ കോണ്‍ഗ്രസിനു പിന്നാലെ യുഡിഎഫിലും പടലപ്പിണക്കം രൂക്ഷമായി. സീറ്റ്‌ നിഷേധിച്ചതിനെത്തുടര്‍ന്ന്‌ ഏഴ് സീറ്റുകളിൽ കേരള കോൺഗ്രസ്‌ ജേക്കബ് വിഭാഗം ഒറ്റക്ക് മത്സരിക്കുവാൻ ഒരുങ്ങുന്നു. യുഡിഎഫ്‌ നേതൃത്വത്തെ പ്രതിഷേധം അറിയിച്ചെങ്കിലും അര്‍ഹമായ പരിഗണന കിട്ടിയില്ലെങ്കില്‍ ആവശ്യപ്പെട്ട ഏഴു സീറ്റുകളിലും മത്സരിക്കുമെന്ന്‌ കേരള കോണ്‍ഗ്രസ്‌ (ജേക്കബ്‌) ആലുവ നിയോജകമണ്ഡലം പ്രസിഡന്റ്‌ പ്രിന്‍സ്‌ വെള്ളാറക്കല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയെ ഗ്രൂപ്പ്‌ തര്‍ക്കത്തെ തുടര്‍ന്ന്‌ വീണ്ടും മാറ്റിയതിനു പിന്നാലെയാണ്‌ മുന്നണിയിലും കലഹം മൂത്തത്‌. കഴിഞ്ഞ ദിവസം 26ാം വാര്‍ഡിലെ സീന സക്കറിയയെ മാറ്റി സീനത്ത്‌ മൂസക്കുട്ടിയെ പ്രഖ്യാപിച്ചിരുന്നു. സിറ്റിംഗ്‌ കൗണ്‍സിലറും എ ഗ്രൂപ്പ്‌ നേതാവ്‌ പി എം മൂസക്കുട്ടി ഗ്രൂപ്പ്‌ മാറിയാണ്‌ ഭാര്യക്കു സീറ്റുറപ്പിച്ചത്‌. ഐ ഗ്രൂപ്പിന്‌ സീറ്റ്‌ കുറഞ്ഞെന്ന പരാതി പരിഹരിക്കാനാണ്‌ സീറ്റ്‌ മാറ്റിയത്‌. എന്നാല്‍ സീനത്തിനു സീറ്റ്‌ ലഭിക്കാന്‍ എ ഗ്രൂപ്പ്‌ സഹായിക്കാതിരുന്നതോടെ മൂസക്കുട്ടി മറുകണ്ടം ചാടി സീറ്റ്‌ കൈവശപ്പെടുത്തുകയായിരുന്നു.

അതേസമയം, കഴിഞ്ഞ തവണ ഒരു സീറ്റ്‌ നേടിയ ബിജെപി, ശക്തമായ പ്രചാരണത്തിനു തയാറെടുക്കുന്നു. 26 വാര്ഡുകളില്‍ 11 ഇടങ്ങളിലെ എന്.ഡി.എ സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു. ബിജെപി കൗണ്സിലര്‍ എ സി സന്തോഷ് കുമാര്‍ 18ാം വാര്‍ഡില്‍ മത്സരിക്കും.