Sun. Feb 23rd, 2025
Thavasi

ചെന്നെെ:

നിരവധി കോമഡി റോളുകളിലൂടെ ഒരുപാട് പേരെ ചിരിപ്പിച്ച തമിഴ് നടന്‍ തവസി ക്യാന്‍സര്‍ ബാധിച്ച് തിരിച്ചറിയാന്‍ പറ്റാത്ത രൂപത്തിലാണിപ്പോള്‍. ചികിത്സയ്ക്ക് പണമില്ലാത്ത അവസ്ഥയില്‍ മറ്റുള്ളവരുടെ കാരുണ്യം തേടുകയാണ്. ക്യാന്‍സര്‍ രോഗം മൂര്‍ച്ഛിച്ചത് മൂലം ശരീരം ശോഷിച്ച് എല്ലും തോലുമായ അവസ്ഥയിലാണ്.

ക്യാൻസർ ചികിത്സയ്ക്ക് സാമ്പത്തിക സഹായം തേടുന്ന തവസിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മുപ്പത് വർഷത്തിലേറെയായി ചലച്ചിത്രമേഖലയുടെ ഭാഗമായ തവസിക്ക് സഹായം നൽകണമെന്ന് സോഷ്യൽ മീഡിയയിലെ ആളുകൾ സെലിബ്രിറ്റികളോട് അഭ്യർത്ഥിച്ചു.

തവസിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളിലും വാർത്ത വന്നിരുന്നു. ഇതിന് പിന്നാലെ തവസിയുടെ ചികിത്സ ഏറ്റെടുത്ത് ഡിഎംകെ എംഎൽഎ ശരവണൻ രംഗത്തെത്തിയിരുന്നു. ശരവണന്‍ ആശുപത്രിയലെത്തി അദ്ദേഹത്തിന്‍റെ ചികിത്സ ഏറ്റെടുക്കുകയായിരുന്നു.

ഇപ്പോഴിതാ തമിഴ് നടന്‍ വിജയ് സേതുപതിയും അദ്ദേഹത്തിന് ചികിത്സാ സഹായം നല്‍കിയിരിക്കുകയാണ്. ഒരു ലക്ഷം രൂപയാണ് മക്കള്‍ സെല്‍വന്‍ സംഭാവന നല്‍കിയത്.

ശിവകാർത്തികേയന്‍റെ വരുത്തപെടാത്ത വാലിബർ സംഘം, അഴകർ സാമിയിൻ കുതിരെ എന്നിവയിലെ തവസിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശിവകാർത്തികേയനും തവസിയുടെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാമെന്ന് വാഗ്ദാനം ചെയ്തതായാണ് വിവരം.

 

By Binsha Das

Digital Journalist at Woke Malayalam