Thu. Dec 19th, 2024
Paul Van Meekeren delivers food to meet his needs
ആസ്​റ്റർഡാം:

മറ്റ് എല്ലാ മേഖലകളെയും പോലെ കായിക മേഖലയെയും കൊവിഡ് പ്രതികൂലമായി ബാധിച്ചിരുന്നു. നിശ്ചയിച്ചുവെച്ചിരുന്ന പല മത്സരങ്ങളും മാറ്റിവെച്ചതോടെ കായിക മേഖലയെ വരുമാനമാക്കിയ താരങ്ങളും പ്രതിസന്ധിയിലായി. അത്തരത്തിൽ 2020ൽ ആസ്​ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വൻറി 20 ലോകകപ്പ്​ മാറ്റിവെച്ചപ്പോൾ പ്രതിസന്ധിയിലായ നെതർലൻഡ്‌സ്‌ ക്രിക്കറ്റർ പോൾ വാൻ മീകീരൻ ഇപ്പോൾ ജീവിക്കാനായി ഫുഡ് ഡെലിവറി ബോയ് ആയിരിക്കുകയാണ്. ജീവിതച്ചിലവുകൾക്കായി യൂബർ ഇറ്റ്സ് ഓടിക്കുകയാണ് വാൻ മീകീരൻ.

വേൾഡ് കപ്പ് മാറ്റിവെച്ചെങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ താരങ്ങൾക്ക് ഐപിഎൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, അസോസിയേറ്റഡ്​ രാജ്യങ്ങളിലെ കളിക്കാരുടെ അവസ്ഥ അതല്ലായിരുന്നു. ശൈത്യകാലങ്ങളിൽ നെതർലൻറ്​സിൽ ക്രിക്കറ്റ്​ കളിക്കുക ദുഷ്​കരമാണ്​. ഫുട്​ബാളും ടെന്നീസും ഹോക്കിയും എല്ലാം അരങ്ങുവാഴുന്ന രാജ്യത്ത്​ ക്രിക്കറ്റിന് പ്രചാരം വളരെ കുറവുമാണ്. അതുകൊണ്ട് തന്നെ ഇവിടുത്തെ ക്രിക്കറ്റ് താരങ്ങൾക്ക് അവസരങ്ങൾ പലപ്പോഴും വളരെ കുറവായിരിക്കും.

കൊറോണ കാരണം ട്വൻറി 20 ലോകകപ്പ്​ മാറ്റിവെച്ചില്ലായിരുന്നെങ്കിൽ ഫൈനൽ നടക്കേണ്ട തീയതി ഇന്നായിരുന്നു എന്ന തലക്കെ​ട്ടോടെ ഇഎസ്​പിഎൻ ക്രിക്​ ഇൻഫോ പങ്കുവെച്ച ട്വീറ്റിന്​ നെതർലൻഡ്സ്​​ താരം റീട്വീറ്റ്​ ​ ചെയ്​തത്​ ഇങ്ങനെ. ” ഇന്ന്​ ക്രിക്കറ്റ്​ നടക്കേണ്ടിയിരുന്നു. ഇപ്പോൾ ഈ ശൈത്യകാലത്ത്​ ഞാൻ ജീവിക്കാനായി ഉബർ ഈറ്റ്​സ്​ വിതരണം ചെയ്യുകയാണ്​. കാര്യങ്ങൾ എങ്ങനെ മാറുന്നുവെന്നത്​ രസകരമാണ്​. പുഞ്ചിരിക്കുന്നത്​ തുടരുകയാണ്”.

ഐസിസി വൻതോക്കുകളായ രാജ്യങ്ങളിലെ കളിക്കാരെ പരിഗണിക്കുന്നപോലെ അസോസിയേറ്റഡ്​ രാജ്യങ്ങളിലെ കളിക്കാരെയും ഐപിഎൽ അടക്കമുള്ള മത്സരങ്ങളിൽ പരിഗണിക്കണമെന്ന്​ നിരവധിപേർ ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്. ഫാസ്​റ്റ്​ ബൗളറായ മാകീരൻ 5 ഏകദിനങ്ങളിലും 41 ട്വൻറി 20യിലും മത്സരിച്ചിട്ടുണ്ട്.

ഐസിസി ട്വൻറി 20 ലോകകപ്പിൽ മുൻനിരയിലുള്ള 10 ടീമുകൾ​ക്കൊപ്പം നെതർലൻഡ്സ്​​, പാപ്പുവ ന്യൂ ഗിനിയ, അയൻലൻഡ്​​, സ്​കോട്​ലൻഡ്​​, നമീബിയ, ഒമാൻ എന്നീ ആറ് ടീമുകൾ കൂടി യോഗ്യത നേടിയിരുന്നു. കൊവിഡ് കാരണം മാറ്റിവെച്ച ട്വൻറി 20 അടുത്തവർഷം നടക്കും.

By Arya MR