Sun. Dec 22nd, 2024
Master Teaser Out

ചെന്നെെ:

ദളപതി വിജയും മക്കൾ സെൽവൻ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ‘മാസ്റ്ററി’ന്‍റെ ടീസർ തരംഗമാകുന്നു. ഇന്നലെ വെെകുന്നേരം പുറത്തിറങ്ങിയ ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇപ്പോഴും ഒന്നാമതായി തുടരുകയാണ്.

ലോകേഷ് കനഗരാജാണ് മാസ്റ്റർ എന്ന സിനിമയുടെ സംവിധായകൻ. കാര്‍ത്തി മികച്ച വേഷം കെെകാര്യം ചെയ്ത കെെതിയും, മാനഗരവും ആണ് ലോകേഷ് കനകരാജ് ഇതിന് മുമ്പ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.

ദീപാവലി ദിനത്തിൽ വൈകിട്ട് ആറിനാണ് ചിത്രത്തിന്റെ ടീസർ സൺ ടിവിയുടെ ഔദ്യോഗിക യൂട്യൂബ് പേജിൽ റിലീസ് ചെയ്തത്. മദ്യപാനിയായ ജെ ഡി എന്ന കോളേജ് അധ്യാപകനായിട്ടാണ് ടീസറിൽ വിജയുടെ നായക കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്.

വിജയ് സേതുപതി വില്ലൻ വേഷത്തിലാണ്. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടൽ രംഗങ്ങളും ടീസറിലുണ്ട്. വ്യത്യസ്ഥമായ ലുക്കിലാണ് വിജയും വിജയ് സേതുപതിയും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.  മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെറമിയ, ശന്തനു ഭാഗ്യരാജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. തമിഴ്നാട്ടിനൊപ്പം മലയാളികളുടെയും ഇഷ്ടപ്പെട്ട താരങ്ങളായ മക്കള്‍സെല്‍വനും ദളപതിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

By Binsha Das

Digital Journalist at Woke Malayalam