Mon. Dec 23rd, 2024
Mohanlal celebrating diwali with Sanjay Dutt
ദുബൈ:

ബോളിവുഡ് താരം സഞ്ജയ് ദത്തിനൊപ്പമായിരുന്നു മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിൻറെ ഇത്തവണത്തെ ദീപാവലി ആഘോഷം. സഞ്ജയ് ദത്തിന്റെ ദുബായിലെ വസതിയിലായിരുന്നു ആഘോഷം. സഞ്ജയ് ദത്തിന്റെ കുടുംബത്തിനൊപ്പമുള്ള മോഹൻലാലിൻറെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. എന്നാൽ, ഇരുവരും ഈ ചിത്രം ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ഷെയർ ചെയ്തിട്ടില്ല.

ഐപിഎൽ ഫൈനൽ മത്സരം കാണാൻ വേണ്ടിയായിരുന്നു മോഹൻലാൽ ദുബായിലെത്തിയത്. സഞ്‍ജയ് ദത്തുമായി സൗഹൃദമുള്ള നടനാണ് മോഹൻലാല്‍. ഇതിന് മുൻപും ഇരുവരുടെയും ചിത്രങ്ങൾ വൈറലായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ്, സഞ്‍ജയ് ദത്ത് താൻ ക്യാൻസര്‍ ബാധിതനാണ് എന്ന കാര്യം വ്യക്തമാക്കിയത്.

ഈ വാർത്ത വളരെ ഞെട്ടലോടെയാണ് ആരാധലോകം ഏറ്റുവാങ്ങിയത്. മുംബൈ കോകിലാബെൻ ആശുപത്രിയില്‍ ചികിത്സ തേടിയ സഞ്‍ജയ് ദത്ത് താൻ ക്യാൻസര്‍ രോഗ വിമുക്തനായ കാര്യം അടുത്തിടെ പങ്കുവെച്ചത് ആരാധകര്‍ക്ക് ആശ്വാസമായിരുന്നു.

രണ്ട് താരരാജാക്കന്മാരെ അവിചാരിതമായി ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകവൃന്ദം.

By Arya MR