Sun. Dec 22nd, 2024
election symbols
തിരുവനന്തപുരം:

കൊവിഡ്‌ മൂലം സ്‌കൂളുകള്‍ തുറക്കുന്നില്ലെങ്കിലും കുട്ടികള്‍ ‘മിസ്‌’ ചെയ്യുന്ന ബ്ലാക്ക്‌ ബോര്‍ഡും ബെഞ്ചുമെല്ലാം നാട്ടില്‍ ചുവരെഴുത്തുകളിലൂടെ അവര്‍ക്ക്‌ കാണാം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി ചിഹ്നങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇവ കൂടി ഉള്‍പ്പെട്ടതിനാലാണിത്‌.

മുന്‍ കാല പഠനോപകരണങ്ങളായ സ്ലേറ്റു മുതല്‍ മഷിക്കുപ്പിയും പേനയും ഇപ്പോള്‍ ഓണ്‍ ലൈന്‍ ക്ലാസിലുപയോഗിക്കുന്ന ലാപ്‌ ടോപ്പും മൊബൈല്‍ ഫോണും വരെ. പോരാത്തതിന്‌ കളിമൈതാനങ്ങളെ സ്‌മരിപ്പിക്കുന്ന പട്ടം, കാരംസ്‌ ബോര്‍ഡ്‌, ക്രിക്കറ്റ്‌ ബാറ്റ്‌, ഹോക്കി സ്‌റ്റിക്കം പന്തുമടക്കമുള്ള കളിയുപകരണങ്ങളും ചിഹ്നങ്ങളാകുമ്പോള്‍ വോട്ടവകാശമില്ലെങ്കിലും നാളത്തെ പൗരന്മാരെ തിരഞ്ഞെടുപ്പു കമ്മിഷന്‍ അവഗണിച്ചെന്നു പറയാനാകില്ല.

ക്യാരറ്റ്‌, വിസില്‍, കൈവണ്ടി, ചെണ്ട, കോട്ട്‌, ശംഖ്‌, അലമാര, ആന്റിന, ആപ്പിള്‍, ഓട്ടൊറിക്ഷ, ബലൂണ്‍, മഴു, എഴുത്തുപെട്ടി, ഇസ്‌തിരിപ്പെട്ടി, ഗ്യാസ്‌ സ്റ്റൗ, തുടങ്ങി 75 ചിഹ്നങ്ങളുടെ പട്ടികയാണ്‌ സംസ്ഥാനതിരഞ്ഞെടുപ്പു കമ്മിഷന്‍ അനുവദിച്ചിരിക്കുന്നത്‌. സ്‌പോര്‍ട്‌സ്‌, സംഗീത ഉപകരണങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.