55 കൊല്ലമായി മത്സ്യവില്‍പ്പന രംഗത്ത് വന്നിട്ട്. നേരത്തേ വീടുകളില്‍ കൊണ്ടു നടന്നു വില്‍ക്കുമായിരുന്നു. സ്ഥിരമായി വാങ്ങുന്ന വീട്ടമ്മമാരുണ്ടായിരുന്നു. എന്നാല്‍ കൊറോണ എത്തിയതോടെ ആരും വീടിന്റെ വാതില്‍ തുറക്കാന്‍ പോലും കൂട്ടാക്കുന്നില്ല, ഗേറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്
കൊച്ചിയിലെ വൈപ്പിന്‍, മഞ്ഞനക്കാട് സ്വദേശിയായ 77കാരി രത്‌നമ്മയുടെ വാക്കുകള്‍ കൊവിഡ് 19 മത്സ്യ വില്‍പ്പന രംഗത്തെ സ്‌ത്രീകളുടെ തൊഴില്‍ നഷ്ടത്തിന്റെ വ്യാപ്‌തി വ്യക്തമാക്കുന്നു.
കൊവിഡ് 19 തൊഴില്‍ മണ്ഡലത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയ ഒരു പ്രധാന വിഭാഗമാണ് മത്സ്യ മേഖലയിലെ സ്‌ത്രീകള്‍. ആദ്യം രോഗഭീതിയും പിന്നീട് തൊഴിലിടത്തിലേക്ക് മറ്റുള്ളവരുടെ അധിനിവേശവും അവരുടെ അവസരങ്ങള്‍ ഇല്ലാതാക്കി. ലോക്ക് ഡൗണ്‍ പിന്‍വലിച്ചപ്പോള്‍ വന്ന നിയന്ത്രണങ്ങളും സര്‍ക്കാര്‍ നയങ്ങളും ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇവരെയാണ്.
പലര്‍ക്കും പഴയതു പോലെ തൊഴില്‍ ചെയ്‌തു ജീവിക്കാനാകുന്നില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ വന്ന സാമൂഹിക അകലം പാലിക്കല്‍, സജീവമായ സാമൂഹികജീവിതം നയിച്ചിരുന്ന ഇവരെ ഒറ്റപ്പെടലിലേക്കും മാനസിക പിരിമുറുക്കങ്ങളിലേക്കും തള്ളിവിടുകയും ചെയ്‌തു.
ചെറിയ തോതില്‍ മത്സ്യം മൊത്തക്കച്ചവടക്കാരില്‍ നിന്നോ ചെറുകിട വിതരണക്കാരില്‍ നിന്നോ വാങ്ങിയാണ് ഇവരില്‍ പലരും ചില്ലറവില്‍പ്പന നടത്തുന്നത്. നടന്നും യാത്ര ചെയ്‌തുമുള്ള മത്സ്യ വില്‍പ്പന ക്ലേശകരമായതോടെ പഴയതു പോലെ വനിതകള്‍ ഈ രംഗത്ത് എത്തുന്നില്ല.
ജോലിയില്‍ നിലനില്‍ക്കുന്നവരാകട്ടെ മിക്കവാറും 60നു മുകളില്‍ പ്രായമുള്ളവരാണ്. കൊറോണ നിയന്ത്രണങ്ങള്‍ വന്നതോടെ ഇവരില്‍ പലരും തൊഴിലില്‍ നിന്നു വിട്ടു നില്‍ക്കുകയാണെന്നു രത്‌നമ്മ പറയുന്നു.
രത്‌നമ്മ: മത്സ്യവില്‍പ്പനക്കാരി; ഞാറയ്‌ക്കല്‍ ഫോട്ടോ: വോക്ക് മലയാളം
പണ്ട് വീടുവീടാന്തരം കയറിയിറങ്ങിയാലും പ്രായമായ ഞങ്ങളെപ്പോലുള്ളവര്‍ക്ക് സ്വന്തം ചെലവിന് പത്തോ നൂറോ കാശ് കിട്ടിയാല്‍ മതിയായിരുന്നു. അങ്ങനെയുള്ള പലരും കൊറോണയുടെ വരവോടെ വീട്ടില്‍ ഇരിപ്പായി, പലരെയും മക്കള്‍ വിടുന്നില്ല
വീടുകളില്‍ പോയുള്ള വില്‍പ്പന തടസപ്പെട്ടതോടെ പലരും തൊഴിലിടം, മാര്‍ക്കറ്റുകളിലെയും കവലകളിലെയും തട്ടുകളിലേക്ക് മാറ്റി, കൊറോണ കാലത്ത് ഇത് കൂടുതല്‍ അപകടകരമാണെങ്കിലും നിയന്ത്രണങ്ങള്‍ വര്‍ധിച്ചതോടെ ഇതാണ് ഭേദമെന്ന് രത്‌നമ്മ പറയുന്നു.
”തട്ടിലുള്ള മീന്‍ വില്‍പ്പനയേ ഇപ്പോള്‍ പറ്റുകയുള്ളൂ. വരുന്നവര്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് കണ്ട് ഇഷ്ടപ്പെട്ടു വാങ്ങി പോകാം. വില്‍പ്പനക്കാര്‍ക്കും വാങ്ങാന്‍ വരുന്നവര്‍ക്കും ഇതാണ് നല്ലത്” എന്നാല്‍ കൂടുതല്‍ പേരും വലിയ മീന്‍ വില്‍ക്കുന്ന തട്ടുകളിലെ മൊത്തക്കച്ചവടക്കാരിലേക്കാണ് ആദ്യം പോകുന്നത്. ഇവിടെയും കുറച്ചു മാത്രം മീനെടുത്തു വില്‍ക്കുന്ന സ്‌ത്രീകള്‍ തഴയപ്പെടുന്നു.
രത്‌നമ്മ മത്സ്യ മാര്‍ക്കറ്റില്‍ ഫോട്ടോ: വോക്ക് മലയാളം
പലപ്പോഴും എടുക്കുന്ന മീന്‍ കുറഞ്ഞ വിലയ്‌ക്ക് വിറ്റഴിച്ച് പോകേണ്ടി വരുന്നു. ”ഇന്ന് അഞ്ചു കിലോ മീനാണ് എടുത്തത്, കിലോ 150 രൂപ വെച്ച് 750 രൂപയ്‌ക്ക്. എന്നാല്‍ കിലോയ്‌ക്ക് നൂറു രൂപയ്‌ക്കാണ് ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്. രാവിലെ ഒമ്പതിനു വന്നതാണ്, ഇപ്പോള്‍ മണി 11 ആകുന്നു. ഉച്ചയ്‌ക്കു മുമ്പ് വിറ്റു തീര്‍ന്നില്ലെങ്കില്‍ നഷ്ടമാണ്” രത്‌നമ്മ പറഞ്ഞു നിര്‍ത്തി.
എന്നാല്‍ രത്‌നമ്മയില്‍ വ്യത്യസ്‌തമായി കൊറോണക്കാലം ഒരു സാധ്യത തുറന്നിട്ട കഥയാണ് പനങ്ങാട് സ്വദേശി ജഗദമ്മ പറയുന്നത്. മുമ്പ് വീടുകളില്‍ മീന്‍ വില്‍ക്കുകയും പിന്നീട് ഓട്ടോ ഡ്രൈവറായി മാറുകയും ചെയ്‌ത ജഗദമ്മ ലോക്ക് ഡൗണ്‍ കാലത്ത് വീണ്ടും മീന്‍വില്‍പ്പനയിലേക്ക് തിരിഞ്ഞത് ലോക്ക് ഡൗണിലെ അരിഷ്ടതകള്‍ക്കു പ്രതിവിധി കാണാനാണ്.
ജഗദമ്മ, ഓട്ടോ ഡ്രൈവര്‍ ഫോട്ടോ: വോക്ക് മലയാളം
ആറു വര്‍ഷം മുമ്പ് വീടുകളില്‍ കൊണ്ടു പോയി മീന്‍ വിറ്റിരുന്നു. പിന്നീട് അതു വിട്ട് ഓട്ടോ ഓടിക്കാന്‍ തുടങ്ങി. മുമ്പ് സ്‌കൂള്‍ട്രിപ്പ് ഉണ്ടായിരുന്നു. സ്റ്റാന്‍ഡില്‍ ഓടിയാല്‍ ദിവസം 280 രൂപ കിട്ടും. എന്നാല്‍ ലോക്ക് ഡൗണ്‍ ആയതോടെ പതിവ് ട്രിപ്പ് മുടങ്ങി. അപ്പോഴാണ് ഇവിടെ വന്ന് മീന്‍ എടുത്തു വില്‍ക്കുന്നതിനെപ്പറ്റി ആലോചിച്ചത്. ദിവസവും 30 കിലോ മീന്‍ എടുത്ത് പനങ്ങാടും അരൂരുമടക്കമുള്ള പ്രദേശങ്ങളില്‍ കൊണ്ടു പോയി വില്‍ക്കും. ചില്ലറ വില്‍പ്പനക്കാര്‍ക്കും കൊടുക്കും
വൈപ്പിന്‍ കാളമുക്ക് ഹാര്‍ബറില്‍ നിന്ന് മീന്‍ എടുത്തു കൊണ്ടു പോയി വില്‍ക്കുകയാണ് ജഗദമ്മ. ലോക്ക്‌ഡൗണ്‍ കാലത്ത് ഓട്ടോറിക്ഷയുടെ വായ്‌പാ തിരിച്ചടവും പരുങ്ങലിലായി. അപ്പോഴാണ് ഈ ഒരു സാധ്യത കണ്ടത്. ഇപ്പോള്‍ മുന്നോട്ടു പോകാമെന്ന് ഒരു വിശ്വാസമുണ്ടെന്നും അവര്‍ പറയുന്നു.
”ഒരു ദിവസം അറുന്നൂറു രൂപ വരെ ലാഭം കിട്ടും. ഓട്ടോറിക്ഷയില്‍ സിഎന്‍ജിയാണ് ഉപയോഗിക്കുന്നത്. 700 രൂപയ്‌ക്ക് സിഎന്‍ജി നിറച്ചാല്‍ നാലു ദിവസം ഓടാം. മാസം ആറായിരം രൂപ തിരിച്ചടവുണ്ട്. പിന്നെ നല്ല മീന്‍ നാട്ടുകാര്‍ക്കു കൊടുക്കാമല്ലോ, അതിന്റെയൊരു സംതൃപ്‌തി വേറെയുമുണ്ട്”
ഹാര്‍ബറില്‍ നിന്നു മീന്‍ കയറ്റുന്ന ജഗദമ്മ; ഫോട്ടോ: വോക്ക് മലയാളം
എന്നാല്‍ പഴയ സഹപ്രവര്‍ത്തകരെല്ലാം ഇന്ന് ഈ രംഗത്തു നിന്ന് തുടച്ചു നീക്കപ്പെട്ടിരിക്കുന്നതായി അവര്‍ പറയുന്നു.” പണ്ട് കൂടെ വന്ന പലര്‍ക്കും ഇപ്പോള്‍ വരാന്‍ പറ്റുന്നില്ല. അവരുടെയൊക്കെ കാര്യം വലിയ കഷ്ടമാണ്” ഇതു പറയുമ്പോള്‍ ജഗദമ്മയുടെ കണ്ണിലും സഹജീവികളോടുള്ള ആര്‍ദ്രത കാണാം.
സ്‌ത്രീകളുടെ വരുമാനനഷ്ടം മത്സ്യത്തൊഴിലാളി സമൂഹത്തെയും പൊതുവെ ഗ്രസിച്ചിട്ടുണ്ട്. അന്നന്നത്തെ വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക കുടുംബത്തിന്റെ അധിക വരുമാനമായി, പലപ്പോഴും മുഖ്യവരുമാനമായി മാറ്റിവെക്കപ്പെട്ടു.
വലിയ മൂലധന വ്യയം വേണ്ടതില്ലാത്ത തൊഴില്‍ മേഖലയായിരുന്നു മത്സ്യ മേഖല. മൊത്തക്കച്ചവടക്കാരില്‍ നിന്ന് രൊക്കമായോ കടമായോ മീന്‍ വാങ്ങി, കുട്ടകളിലാക്കി വീടുവീടാന്തരം കൊണ്ടു നടന്നു വില്‍ക്കുന്ന സ്‌ത്രീകള്‍ക്കു ലഭിക്കുന്ന പണം വീട്ടിലേക്കുള്ള വരുമാനത്തില്‍ നിര്‍ണായക പങ്കായിരുന്നു. അതാണ് ഇപ്പോള്‍ നിലച്ചിരിക്കുന്നത്.
കൊവിഡ് കാലത്തെ മത്സ്യത്തൊഴിലാളി സ്‌ത്രീകളുടെ ദുരിതം വളരെ സങ്കീര്‍ണമാണെന്ന് മത്സ്യത്തൊഴിലാളി മേഖലയിലെ വനിതകളുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായിരിക്കുന്ന മാഗ്ലിന്‍ ഫിലോമിന പറയുന്നു.
മാഗ്ലിന്‍ ഫിലോമിന; മത്സ്യത്തൊഴിലാളി മേഖലയിലെ സന്നദ്ധപ്രവര്‍ത്തക ഫോട്ടോ: വോക്ക് മലയാളം
മത്സ്യ വിപണനരംഗത്ത് സജീവമായ സ്‌ത്രീകള്‍ ഈ സമൂഹത്തിന്റെ സാമ്പത്തിക ചാലക ശക്തി തന്നെയായിരുന്നു. എന്നാല്‍ കൊവിഡിന്റെ വരവ് അവരെ വീട്ടകങ്ങളില്‍ ഒതുക്കി. കൊറോണ ഭീതി ചൂണ്ടിക്കാട്ടി അവരെ വിപണനമേഖലയില്‍ നിന്ന് മാറ്റി നിര്‍ത്തി. ഹാര്‍ബറുകളില്‍ മത്സ്യലേലം ഒഴിവാക്കിക്കൊണ്ടുള്ള പുതിയ നിയന്ത്രണങ്ങള്‍ അവരെ പൂര്‍ണമായും ഒഴിവാക്കുന്നതാണ്
സ്‌ത്രീകളുടെ പിന്‍വാങ്ങല്‍ യഥാര്‍ത്ഥത്തില്‍ കൊറോണയ്‌ക്കു വളരെ മുമ്പേ തുടങ്ങിയതായും മാഗ്ലിന്‍ ചൂണ്ടിക്കാട്ടുന്നു. ” ശരിക്കു പറഞ്ഞാല്‍ മത്സ്യത്തൊഴിലാളി മേഖലയിലെ സ്‌ത്രീകള്‍ അനുഭവിക്കുന്നത് മൂന്നു തരത്തിലുള്ള പ്രശ്‌നങ്ങളാണ്. മത്സ്യ ലഭ്യതക്കുറവ്, വരുമാന നഷ്ടം, തീരശോഷണം എന്നിവയാണ് അവരുടെ തൊഴിലവസരങ്ങള്‍ കവര്‍ന്നത്. ഇതിനു പുറമെ കൊറോണ കൂടി വന്നത് അവരെ കൂടുതല്‍ ദുരിതത്തിലാക്കി”
മത്സ്യത്തൊഴിലാളികളുടെ സ്വാഭാവിക ജീവിതരീതിയെ കണക്കിലെടുക്കാത്ത വികസന നയങ്ങളും കോറോണയുടെ വ്യാപനം കൂട്ടി. ”വിഴിഞ്ഞം പോലുള്ള ജനസാന്ദ്രത കൂടി പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഉണ്ടാക്കി നല്‍കിയ ഫ്‌ളാറ്റുകള്‍ നോക്കുക. മക്കത്തായ സമ്പ്രദായം നില്‍നില്‍ക്കുന്ന അവിടെ പല വീട്ടിലും എട്ടും പത്തും പേരുണ്ടാകും. അവരെ 450 ചതുരശ്ര അടിയുള്ള ഫ്‌ളാറ്റുകള്‍ തികച്ചും അപര്യാപ്‌തമാണ്. ഇത് 500 ചതുരശ്രയടിയാക്കാന്‍ പ്രതിഷേധ സമരം നടത്തേണ്ടി വന്നു.”
സാമൂഹ്യജീവിതം നയിക്കാന്‍ പറ്റാത്തത് ഇവരെ മാനസികമായും തളര്‍ത്തിയിട്ടുണ്ട്. ”വളരെയധികം സാമൂഹ്യവത്‌കൃതരായ ഒരു ജനവിഭാഗമാണിത്. കടല്‍ത്തീരം പോലുള്ള പൊതു ഇടങ്ങള്‍, കളിസ്ഥലം, കൂട്ടം ചേര്‍ന്നു നടക്കുന്ന വിനോദങ്ങള്‍ എന്നിവ കൊറോണക്കാലത്ത് ഇല്ലാതാകുന്നത് വീട്ടമ്മമാരെ മാത്രമല്ല ഈ മേഖലയിലെ ആബാലവൃദ്ധം ജനങ്ങളെയും ബാധിച്ചിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ അവര്‍ക്കു മാനസിക പിന്തുണ നല്‍കാന്‍ അധികൃതര്‍ തയാറാകണം. സ്‌ത്രീശാക്തീകരണപദ്ധതികളിലൂടെ മത്സ്യത്തൊഴിലാളി സ്‌ത്രീകളെ കൈപിടിച്ചുയര്‍ത്താന്‍ പറ്റിയാലേ ഈ മേഖലയില്‍ ഒരു വീണ്ടെടുക്കല്‍ സാധ്യമാകൂ,” മാഗ്ലിന്‍ പറഞ്ഞു.
കേരളത്തിന്റെ പൊതുജീവിതത്തില്‍ സജീവ സാന്നിധ്യമായിരുന്നു മത്സ്യവില്‍പ്പനക്കാരികള്‍. വരുമാനസ്രോതസാകുകയും ഗൃഹഭരണം ഏകോപിപ്പിക്കുന്നതിലും അസാമാന്യ വൈഭവം പ്രദര്‍ശിപ്പിച്ചവരാണവര്‍. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ താങ്ങും ഊര്‍ജ്ജവുമായി അവര്‍ നിലകൊണ്ടു. എന്നാല്‍ എല്ലാ മേഖലകളെയും പോലെ സ്‌ത്രീകള്‍ ഈ രംഗത്തു നിന്നും നിഷ്‌കാസിതരാകുന്നു എന്നതാണ് ഈ കാലത്തിന്റെ പ്രത്യേകത.