ചെന്നെെ:
ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്ത സൂര്യ നായകനായ ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിന് മികച്ച അഭിപ്രായമണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എയർ ഡെക്കാൻ എന്ന ലോ ബഡ്ജറ്റ് എയർലൈൻസിന്‍റെ സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിൻ്റെ ‘സിംപ്ലി ഫ്ലൈ’ എന്ന പുസ്തകത്തെ ആധാരമാക്കി സംവിധായിക സുധ കൊങ്ങര ഒരുക്കിയ ചിത്രമാണിത്. ഒടിടി പ്ലാറ്റ്ഫോമില്‍ സിനിമ റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുന്നതിന് മുമ്പ് തന്നെ നടൻ സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമായാണ് സിനിമാ നിരൂപകര്‍ ഉള്‍പ്പെടെ വിലയിരുത്തുന്നത്.
സൂര്യയുടെ പ്രകടനം അതിഗംഭീരമെന്ന് ചിത്രം കണ്ടവരൊക്കെ അടിവരയിടുമ്പോള്‍ സൂര്യ അവതരിപ്പിച്ച കഥാപാത്രം യാഥാർഥ ജീവിതത്തിൽ ആരെന്നു തിരയുകയാണ് ആരാധകരിപ്പോള്‍. സിനിമ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ജിആര്‍ ഗോപിനാഥ് ആരെന്ന ചോദ്യം ഗൂഗിള്‍ ഇന്ത്യയില്‍ ട്രെൻഡിംഗ് സേർച്ചായി.
ചിത്രത്തിൽ സൂര്യ അവതരിപ്പിച്ച നെടുമാരൻ രാജംഗം എന്ന കഥാപാത്രം യഥാർത്ഥത്തിൽ ഗോരൂർ രാമസ്വാമി ഗോപിനാഥ് എന്ന ജി ആര്‍ ഗോപിനാഥ് ആണ്. നവംബർ 13 ആയ ഇന്ന് അദ്ദേഹത്തിന്‍റെ ജന്മദിനമാണ്. ഇന്ന് തന്നെ സിനിമ റിലീസ് ചെയ്യുന്നത് അദ്ദേഹത്തിന് നല്‍കുന്ന ഏറ്റവും മികച്ച സമ്മാനമാണെന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം, സൂരറൈ പോട്രില്‍ മലയാളികള്‍ക്ക് സന്തോഷിക്കാനുള്ള ഒരു വകയുണ്ട്. മലയാളിയായ അപര്‍ണ ബാലമുരളി സൂര്യയുടെ നായികയായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.