Wed. Jan 22nd, 2025
polygraph test result on balabhaskar's death case
തിരുവനന്തപുരം:

 

വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വാഹനാപകടത്തെ തുടര്‍ന്നുതന്നെയെന്ന നിഗമനത്തില്‍ സിബിഐ. നുണപരിശോധനയിൽ പുതിയ വിവരങ്ങൾ ഒന്നും ലഭിച്ചില്ലെന്നും സിബിഐ അറിയിച്ചു. അപകടസമയത്ത് കാർ ഓടിച്ചത് താൻ അല്ല ബാലഭാസ്കർ തന്നെയാണെന്ന ഡ്രൈവർ അർജുന്റെ മൊഴി കള്ളമാണെന്ന് നുണപരിശോധനയിൽ തെളിഞ്ഞു. കൂടാതെ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബി ഉയർത്തിയ ആരോപണങ്ങൾ എല്ലാം കള്ളമാണെന്നും പോളിഗ്രാഫ് ടെസ്റ്റിൽ തെളിഞ്ഞു.

കഴിഞ്ഞമാസമാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ബാലഭാസ്‌കറുമായി ബന്ധമുളള നാലുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ബാലകൃഷ്ണന്‍, കേസില്‍ നിരവധി ആരോപണങ്ങളുയര്‍ത്തിയ കലാഭവന്‍ സോബി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. കലാഭവന്‍ സോബിയെ രണ്ടുതവണയും മറ്റുളളവരെ ഒരു തവണയുമാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

രണ്ടുഘട്ടങ്ങളായാണ് നുണ പരിശോധന നടത്തിയത്‌. ഇതില്‍ ഒരു ടെസ്റ്റില്‍ സോബി പറയുന്നത് കളളമാണെന്നും രണ്ടാമത്തെ ടെസ്റ്റില്‍ സഹകരിച്ചില്ലെന്നുമാണ് വിവരം. അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്ന് പറഞ്ഞ സോബിയുടെ മൊഴിയാണ് കളവാണെന്നാണ് നുണ പരിശോധന റിപ്പോർട്ടില്‍ പറയുന്നത്. സോബി പറഞ്ഞ റൂബിൻ തോമസിനെ സിബിഐ കണ്ടെത്തി. ബാലഭാസ്ക്കർ മരിക്കുമ്പോൾ റൂബിൻ ബംഗളൂരിലായിരുന്നു.

അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കള്ളക്കടത്ത് സംഘത്തിന് അപകടവുമായി ബന്ധമുണ്ടോയെന്ന പരിശോധന തുടരുന്നുവെന്നും സിബിഐ അറിയിച്ചു. ഈ കേസിൽ ആരോപണവിധേയരായ പ്രകാശ് തമ്പിയും, വിഷ്ണു സോമസുന്ദരവും സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായ സാഹചര്യത്തിലാണ് ബാലഭാസ്കറിന്റെ മരണം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നത്.

അപകടം ഉണ്ടാകുന്നതിന് മുൻപ് അജ്ഞാതര്‍ ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാറിൻറെ ചില്ല് തകര്‍ത്തിരുന്നുവെന്നും മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നുമാണ് സോബി സിബിഐയോട് പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം നുണ പരിശോധന നടത്തിയത്. ചെന്നൈയിലെയും ദില്ലിയിലെയും ഫൊറൻസിക് ലാബുകളിൽ നിന്നുമെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് സോബിയുടെ നുണപരിശോധന പരിശോധന നടന്നത്.

 

By Arya MR