തിരുവനന്തപുരം:
മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം. സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ഹർജ്ജി പരിഗണിക്കവെയാണ് ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം കോടതിയിൽ പറഞ്ഞത്. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നേരത്തെ കോടതിയിൽ നൽകിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
രേഖയായി സമർപ്പിക്കേണ്ട ഡിവിആർ കോടതിയിൽ നൽകിയത് തൊണ്ടിമുതലായാണ്. ഇത് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇതോടെ ഡിവിആറിലെ ദൃശ്യങ്ങൾ പ്രതികൾക്ക് ലഭിക്കാൻ കാലതാമസമെടുക്കും. കഴിഞ്ഞ വർഷമാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ ചീഫ് കെഎം ബഷീറിനെ അമിത വേഗത്തിലെത്തിയ ഐഎസ്എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ കാർ ഇടിച്ച് കൊലപ്പെടുത്തിയത്.