തിരുവനന്തപുരം:
അപവാദം പ്രചരിപ്പിക്കുന്ന തരത്തിൽ യുട്യൂബിൽ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ വീണ്ടും പരാതിയുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സംവിധായകൻ ശാന്തിവിള ദിനേശനെതിരെയാണ് ഭാഗ്യലക്ഷ്മി പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും ഭാഗ്യലക്ഷ്മി പരാതി നല്കിയിട്ടുണ്ട്.
തന്നെ കുറിച്ച് അപവാദം പറഞ്ഞ് വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തതിനെതിരെയാണ് ഇപ്പോൾ ഭാഗ്യലക്ഷ്മി പരാതി നൽകിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ശാന്തിവിള ദിനേശനെതിരെ ഭാഗ്യലക്ഷ്മി പരാതിപ്പെടുന്നത്. കഴിഞ്ഞയാഴ്ചയാണ് ഇത്തരത്തിൽ അപവാദപരമായ വീഡിയോ ശാന്തിവിള ദിനേശൻ അപ്ലോഡ് ചെയ്തതായി ഭാഗ്യലക്ഷ്മി പരാതിയിൽ പറയുന്നത്. ഇത് സംബന്ധിച്ച അന്വേഷണം സൈബർ പോലീസ് ആരംഭിച്ചുകഴിഞ്ഞു.
ഇന്ന് രാവിലെ ഈ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ശാന്തിവിള ദിനേശനെ താക്കീത് ചെയ്തിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഭാഗ്യലക്ഷ്മിയുടെ മൊഴി ഈ കേസിൽ രേഖപ്പെടുത്തുമെന്നും സൈബർ പോലീസ് അറിയിച്ചു. അതിനു ശേഷമായിരിക്കും ഇയാൾക്കെതിരെ കേസെടുക്കണമോയെന്ന് പോലീസ് തീരുമാനിക്കുന്നത്.
നേരത്തെ വിജയ് പി നായർ ഡബ്ബിങ് ആർട്ടിസ്റ്റിനെയുംഫെമിനിസ്റ്റുകളെയും അവഹേളിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത അശ്‌ളീല വീഡിയോയ്ക്ക് പിന്തുണയുമായി ശാന്തിവിള ദിനേശൻ രംഗത്ത് വന്നിരുന്നു. വിജയ് പി നായർ പറയുന്നതൊക്കെ സത്യം എന്ന നിലയിൽ പിന്തുണച്ചുകൊണ്ട് ശാന്തിവിള ദിനേശൻ മറ്റൊരു വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. അന്നും ഭാഗ്യലക്ഷ്മി ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. ആ കേസിൽ ഇപ്പോൾ ജാമ്യത്തിലാണ് ശാന്തിവിള ദിനേശൻ.