Thu. Jan 2nd, 2025
ബിലീവേഴ്‌സ് ചര്‍ച്ചില്‍ റെയിഡ്
തിരുവല്ല:

കെ.പി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചില്‍ മൂന്ന് ദിവസമായി തുടരുന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍.റെയ്ഡിന്റെ ആദ്യ ദിവസം ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത ഐ ഫോണ്‍ തട്ടിപ്പറിച്ച് നശിപ്പിക്കാന്‍ വൈദികന്റെ ശ്രമമുണ്ടായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സഭാ വക്താവും മെഡിക്കല്‍ കോളേജ് മാനേജരുമായ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ ആയിരുന്നു ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. എന്നാല്‍ ഫോണ്‍ പരിശോധിക്കുന്നതിനിടെ ഫാദര്‍ സിജോ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് ബാത്ത്‌റൂമിലേക്ക് ഓടുകയും ടൊയ്‌ലെറ്റില്‍ ഇട്ട് ഫ്‌ളഷ് ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.

ഇതിനിടെ പിന്തുടര്‍ന്നെത്തിയ ഉദ്യോഗസ്ഥര്‍ ഫോണ്‍ ഫ്‌ളഷ് ചെയ്യാനുള്ള ശ്രമം തടയുകയായിരുന്നു. എന്നാല്‍ ഇതിനിടെ ഫോണ്‍ തറയില്‍ എറിഞ്ഞ് തകര്‍ത്തിരുന്നു. ഇതിനിടെ ഒരു പെന്‍ഡ്രൈവ് തകര്‍ക്കാനുള്ള ജീവനക്കാരിയുടെ ശ്രമവും ഉദ്യോഗസ്ഥര്‍ തടഞ്ഞു.

ഫോണില്‍ നിന്നുള്ള ഡാറ്റ ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. അഞ്ച് വര്‍ഷത്തിനിടെ ആറായിരം കോടി രൂപ വിദേശത്ത് നിന്നും എത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പതിനാലര കോടി രൂപയോളമാണ് ഇതുവരെ പിടിച്ചെടുത്തത്.

ഇതില്‍ ഏഴുകോടി രൂപ ബിലീവേഴ്‌സിന്റെ ആശുപത്രി ജീവനക്കാരന്റെ കാറില്‍ നിന്നും ബാക്കി തുക ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുമാണ് കണ്ടെടുത്തത്.

ബിലീവേഴ്‌സ് സ്ഥാപകന്‍ കെ.പി യോഹന്നാനും പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസും വിദേശത്താണ്. ഇവരെ ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.