വാഷിംഗ്‌ടണ്‍:
പ്രസിഡന്റ് കള്ളം പറയുകയാണ് എന്ന് പറഞ്ഞുകൊണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വാര്‍ത്ത സമ്മേളനത്തിന്റെ ലൈവ് സംപ്രേഷണം മാധ്യമങ്ങള്‍ നിര്‍ത്തി. “ഞങ്ങള്‍ തികച്ചും അസാധാരണമായ സാഹചര്യത്തിലാണ്. പ്രസിഡന്റിന്റെ വാര്‍ത്ത സമ്മേളനം നിര്‍ത്തുക മാത്രമല്ല, തിരുത്തുക കൂടിയാണ്” എന്നായിരുന്നു എംഎസ്‌എന്‍ബിസി ന്യൂസിന്റെ വാര്‍ത്ത അവതാരകന്‍ ലൈവ് നിര്‍ത്തിക്കൊണ്ട് പറഞ്ഞത്. എന്‍ബിസി ന്യൂസും സമാനമായ രീതിയില്‍ ലൈവ് നിര്‍ത്തിവെച്ചു.
തെരഞ്ഞെടുപ്പ് തട്ടിയെടുക്കാന്‍ ഡെമോക്രാറ്റുകള്‍ നിയമവിരുദ്ധമായി വോട്ട് ചെയ്യുകയാണ് എന്നാണ് ട്രംപ് ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. വ്യാഴാഴ്‌ച്ച വൈകുന്നേരം വാര്‍ത്ത സമ്മേളനത്തില്‍ വീണ്ടും ആവര്‍ത്തിക്കുന്നതിനിടയിലാണ് ലൈവ് അവസാനിപ്പിച്ചത്.
തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന പ്രസ്‌താവന ട്രംപിന്റെ ഭരണകാലത്തെ ഏറ്റവും സത്യസന്ധമല്ലാത്ത പ്രതികരണമാണെന്ന് സിഎന്‍എന്‍ ന്യൂസ് പറയുന്നു. 2016 മുതല്‍ ട്രംപിന്റെ പ്രസംഗങ്ങള്‍ നിരന്തരം കേള്‍ക്കുന്ന താന്‍ അദ്ദേഹത്തിന്റെ കള്ളത്തരം നിറഞ്ഞ അവകാശവാദങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സിഎന്‍എന്നിന്റെ വാഷിംഗ്‌ടണ്‍ റിപ്പോര്‍ട്ടര്‍ ഡാനിയല്‍ ഡെയില്‍ എഴുതിയത്.
“ട്രംപിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് നിയമപരമായാണ് നടക്കുന്നത്. ട്രംപിന്റെ എതിരാളികള്‍ തെരഞ്ഞെടുപ്പ് മോഷ്ടിക്കാന്‍ ശ്രമിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തപ്പെട്ട വോട്ടുകള്‍ നിയമപരമായാണ് എണ്ണുന്നത്”, ഡെയില്‍ പറയുന്നു.
വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ, ജോര്‍ജിയ എന്നിവിടങ്ങളില്‍ ജയിച്ചുവെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഇതും നുണയാണ്. എല്ലാ വോട്ടുകളും എണ്ണുന്നതിന് മുമ്പ് ലീഡ് ചെയ്‌തിരുന്നുവെന്നത് വസ്‌തുതയാണ്. എന്നാല്‍ വിസ്‌കോണ്‍സിനിലും മിഷിഗണിലും ട്രംപ് പരാജയപ്പെട്ടുവെന്ന് സിഎൻഎന്‍ പറയുന്നു.
മെയില്‍ ഇന്‍ വോട്ട് അഴിമതിയാണെന്ന ട്രംപിന്റെ ആരോപണവും തെറ്റാണ്. മെയില്‍ ഇന്‍ വോട്ടിംഗില്‍ അപൂര്‍വമായ ചില വ്യാജങ്ങള്‍ സംഭവിച്ചിരിക്കാം. എന്നാല്‍ ഈ സംവിധാനം അപ്പാടെ അഴിമതിയാണെന്ന് പറയുന്നത് തെറ്റാണ്.
നിയമപരമായ വോട്ടുകള്‍ എണ്ണിയാല്‍ താന്‍ ജയിക്കുമെന്നും നിയമവിരുദ്ധമായ വോട്ടുകള്‍ എണ്ണിയില്‍ ഡെമോക്രാറ്റുകളാണ് ജയിക്കുക എന്ന ട്രംപിന്റെ ആരോപണവും കളവാണെന്ന് ഡെയില്‍ പറയുന്നു.
ഇത്തരത്തില്‍ നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചിരിക്കുന്നതെന്നാണ് ഡെയില്‍ പറയുന്നത്. ട്രംപ് ഉന്നയിച്ച ഓരോ ആരോപണത്തിനും അക്കമിട്ട് അദ്ദേഹം മറുപടി പറഞ്ഞിട്ടുണ്ട്. അമേരിക്കയിലെ മറ്റ് പല മാധ്യമങ്ങളും ട്രംപിനെതിരായി രംഗത്ത് വന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പിനെയും ജനവിധിയെയും പ്രസിഡന്റ് സംശയത്തിന്റെ നിഴലിലാക്കിയതാണ് മാധ്യമങ്ങളെ പ്രകോപിപ്പിച്ചത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള ട്രംപിന്റെ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച അസാധാരണ നടപടി ട്രംപിന് കനത്ത ആഘാതമായി.