Sat. Apr 27th, 2024
picture of black tiger taken by Soumen Bajpay

ചില കാഴ്ചകൾ അങ്ങനെയാണ് ജീവിതത്തിൽ ഒരിക്കൽ മാത്രമേ കണ്ണിന് മുന്നിൽ പെടുകയുള്ളു. അത്തരം അത്യപൂർവ്വ കാഴ്ച്ചകൾ ക്യാമറയിൽ കൂടി പകർത്തി എന്നെന്നേക്കുമായി സൂക്ഷിക്കാനായാൽ അതിൽപ്പരം ഒരു നേട്ടം ചിലപ്പോൾ മറ്റൊന്നുണ്ടാകില്ല. അങ്ങനെ ഒരു കാഴ്ച്ചയെ ക്യാമറയിൽ കുടുക്കിയതിന്റെ സന്തോഷത്തിലാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സൗമന്‍ ബാജ്‌പേയ്.

വംശനാശ ഭീഷണി നേരിടുന്ന കടുവ ജന്തുവിഭാഗത്തിലെ അത്യപൂർവ്വമായ വിഭാഗമാണ് കറുത്ത കടവുകൾ. ഒഡിഷയിലെ നന്ദന്‍കനന്‍ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ 2019 ഫെബ്രുവരിയില്‍ പക്ഷി നീരിക്ഷണത്തിനെത്തിയപ്പോഴാണ് സൗമൻ കറുത്ത കടുവയെ പെട്ടെന്ന് കാണുന്നത്. ആദ്യം അതൊരു കടുവയാണെന്ന് സൗമന്‍ തിരിച്ചറിഞ്ഞില്ല. മഞ്ഞയെക്കാളുപരി കറുത്ത രോമങ്ങള്‍ മൂടിയ കടുവയെ തിരിച്ചറിഞ്ഞതോടെ ആകെ ആശ്ചര്യപ്പെട്ട സൗമന്‍ അതിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. ഒഡിഷയിലെ തന്നെ സിംലിപാല്‍ കടുവ സംരക്ഷണകേന്ദ്രത്തില്‍ 1993 ലാണ് കറുത്ത കടുവയെ ആദ്യമായി കണ്ടെത്തിയത്. പിന്നീട് 2007ലും കറുത്ത കടുവയെ കണ്ടെത്തി.

photo of Black Tiger taken by Soumen Bajpay
Picture Courtesy: Instagram; photo of Black Tiger taken by Soumen Bajpay

കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നന്ദന്‍കനനിലെ ഒരു കടുവ ജന്മം നല്‍കിയ നാല് കുഞ്ഞുങ്ങളില്‍ രണ്ടെണ്ണം കറുത്ത കടുവകളായിരുന്നു. അതീവസുരക്ഷയൊരുക്കി ഈ കുഞ്ഞുങ്ങളെ ഒരു കൊല്ലത്തോളം സംരക്ഷിച്ചു. ഇവയുടെ വളര്‍ച്ച സിസിടിവിയിലൂടെ നിരീക്ഷിച്ചു. ഒരു കൊല്ലത്തിന് ശേഷം ഇവയെ തുറന്നു വിട്ടു.

രണ്ട് കറുത്ത കടുവകളില്‍ ഒരെണ്ണത്തിനെ മാത്രം കാണാന്‍ കഴിഞ്ഞതിലുള്ള നിരാശ പ്രകടിപ്പിക്കുമ്പോഴും തനിക്ക് ലഭിച്ച അപൂര്‍വഭാഗ്യത്തില്‍ സന്തുഷ്ടനാണ് സൗമന്‍. 2019ൽ പശ്ചിമബംഗാളിൽ വെച്ചെടുത്ത ചിത്രങ്ങൾ ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌. ഇന്ത്യയില്‍ ഒഡിഷയില്‍ മാത്രമാണ് ആറോ ഏഴോ കറുത്ത കടുവകള്‍ അവശേഷിക്കുന്നതെന്ന് ക്യാമറാചിത്രങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

By Arya MR