ചെന്നൈ:
രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ പരോൾ കാലാവധി നീട്ടി. മദ്രാസ് ഹൈക്കോടതിയാണ് രണ്ടാഴ്ചത്തേക്ക് കൂടി പരോള്‍ നീട്ടിയത്. നേരത്തെ ഒരു മാസത്തെ പരോൾ അനുവദിച്ചതിനെ തുടർന്ന് പേരറിവാളൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. അതിന്റെ കാലാവധി ഈ മാസം ഒമ്പതിന് അവസാനിക്കാനിരിക്കെയാണ് കോടതി പരോള്‍ നീട്ടിയത്.
പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
90 ദിവസത്തെ പരോൾ ആവശ്യപ്പെട്ട് പേരറിവാളന്റെ അമ്മ കഴിഞ്ഞ മാസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി തന്റെ മകന് സർക്കാർ ജനറൽ ആശുപത്രിയിൽ ഇടയ്ക്കിടെ ചികിത്സ തേടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. കൊവിഡിനെ തുടർന്ന് ചികിത്സ കൃത്യമായി ലഭ്യമായില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. പ്രോസ്റ്റേറ്റ് അണുബാധയ്ക്കും മൂത്രാശയ അണുബാധയ്ക്കുമായി ചികിത്സയിൽ തുടരുകയാണ് പേരറിവാളൻ.