Sat. Nov 23rd, 2024
Meenakshi Dileep filed case against online portals
കൊച്ചി:

ഓൺലൈൻ മാധ്യമങ്ങങ്ങൾ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചുവെന്ന കേസിൽ ചലച്ചിത്ര താരം ദിലീപിന്റെ മകൾ പോലീസിൽ പരാതി നൽകി. മീനാക്ഷി ദിലീപ് നൽകിയ പരാതിയിന്മേൽ ആലുവ പോലീസ് ഓൺലൈൻ പോർട്ടലുകൾക്കെതിരെ കേസെടുത്തു. ആലുവ ഈസ്റ്റ് പൊലീസാണ് മീനാക്ഷിയുടെ പരാതിയിൻമേൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

‘മീനാക്ഷി അമ്മ മഞ്ജു വാര്യരുടെ അടുത്തേക്ക് പോകുന്നു, അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണ്, അമ്മയുടെ വില ഇപ്പോഴാണ് മനസ്സിലായത്,’ തുടങ്ങിയ തലക്കെട്ടുകളുമായാണ് മീനാക്ഷി ദിലീപിനെതിരെ വ്യാജ വാർത്തകൾ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്തകൾ പടച്ചുവിട്ടതെന്ന് പോലീസ് എഫ്ഐആറിൽ പറയുന്നു. ഇത് ദിലീപിനെയും മകളെയും അപകീർത്തിപ്പെടുത്തുന്നതിനായിരുന്നുവെന്നും എഫ്ഐആറിൽ പരാമർശമുണ്ട്. മലയാളി വാർത്ത, മെട്രോ മാറ്റിനി, ബി 4 മലയാളം, മഞ്ചുമോൻ എന്നിങ്ങനെയുള്ള ഓൺലൈൻ പോർട്ടലുകൾക്കും അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഒക്ടോബർ 28നാണ് മീനാക്ഷി ദിലീപ് ആലുവ പോലീസിൽ പരാതി നൽകിയത്. എന്നാൽ, നേരിട്ട് കേസെടുക്കാൻ കഴിയാത്ത കുറ്റകൃത്യമായതിനാൽ പോലീസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുവാദം തേടിയിരുന്നു. കോടതിയിൽ നിന്ന് അനുവാദം ലഭിച്ച ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ആലുവ ഈസ്റ്റ് എസ്ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

 

By Arya MR