കോട്ടയം:
മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഡൽഹി സർവകലാശാല പ്രൊഫസർ ജിഎൻ സായിബാബ എഴുതിയ കവിതകൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്യുന്നു. നാഗ്പൂർ സെൻട്രൽ ജയിലിൽ തൊണ്ണൂറു ശതമാനം ചലനപരിമിതിയോടെ വീൽചെയറിൽ കഴിയുന്ന പ്രൊഫസറുടെ തടവറകവിതകളാണ് മലയാളത്തിലേക്ക് പരിഭാഷ ചെയ്യപ്പെടുന്നത്.
ദളിത് ആക്ടിവിസ്റ്റായ മൃദുലദേവി എസ് ആണ് സായിബാബയുടെ ഇംഗ്ലീഷ് കവിത സമാഹാരം പരിഭാഷ ചെയ്യുന്നത്. തനിക്ക് ഇത്തരം ഒരു സുവർണ്ണാവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ട് മൃദുലദേവി തന്നെയാണ് ഈ വാർത്ത ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. സുഹൃത്ത് അജിത് യുവിന്റെ സഹായത്തോടെയാണ് വിവർത്തനം ചെയ്യുന്നതെന്ന് മൃദുലദേവി പറഞ്ഞു.
https://www.facebook.com/mruduladevi.sasidharan/posts/1834970323326006
നിരരോധിത മാവോയിസ്റ്റ് സംഘടനയിൽ പ്രവർത്തിച്ചുവെന്നും ദേശദ്രോഹ പ്രവർത്തനങ്ങളെ പിന്തുണച്ചെന്നും ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിലെ ഗാഡ്ചിരാലി കോടതിയാണ് സായിബാബയ്ക്ക് ജീവപര്യന്തം തടവ് വിധിച്ചത്. ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ രാംലാൽ ആനന്ദ് കോളജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായ സായിബാബയെഡൽഹിയിലെ വസതിയിൽ നിന്ന് 2013 മേയ് ഒമ്പതിനാണ് അറസ്റ്റ് ചെയ്യുന്നത്. അദ്ദേഹത്തിൻറെ വീട്ടിൽ നിന്നും കണ്ടെടുത്ത രേഖകളിലും പെൻ ഡ്രൈവുകളിലും ഹാർഡ് ഡിസ്ക്കുകളിലും മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയെന്നാണ് പൊലീസ് വാദം. ജെ.എൻ.യു വിദ്യാർഥി ഹേം മിശ്രയെ ചോദ്യം ചെയ്തതിൽ നിന്നാണ് സായിബാബയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. ഛത്തീസ്ഗഡിലെ അബുജുമാദ് വനത്തിലെ മാവോയിസ്റ്റുകളുമായി സായിബാബക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ ആരോപണം. അംഗവൈകല്യമുള്ള സായിബാബക്ക് ചികിത്സാവശ്യാർഥം 2016ൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.