Wed. Jan 22nd, 2025
jalasamadhi movie poster out officially

കൊച്ചി:

കഴിഞ്ഞ കുറച്ച് നാളുകളായി അന്താരാഷ്ട്ര തലത്തില്‍ മികച്ച സ്വീകാര്യതയും അംഗീകരവുമാണ് മലയാള സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരനായ സേതുവിന്‍റെ തിരക്കഥയില്‍ വേണുനായർ സംവിധാനം ചെയ്ത ‘ജലസമാധി’ എന്ന ചിത്രം റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. ആറ് ഭൂഖണ്ഡങ്ങളിലായി അമ്പതിലേറെ അന്താരാഷ്ട്ര ഫെസ്റ്റിവൽ അവാർഡുകൾ ജലസമാധി ഇതിനോടകം തന്നെ  നേടിക്കഴിഞ്ഞിരിക്കുന്നു. എഴുത്തുകാരനായ സേതു തന്നെയാണ് ജലസമാധിയുടെ പോസ്റ്റര്‍  ഔപചാരികമായി പുറത്തിറക്കികൊണ്ട് ഇക്കാര്യം അറിയിച്ചത്.

ഔദ്യോഗികമായി ചിത്രത്തിന്‍റെ പോസ്റ്റര്‍ റിലീസ് ചെയ്യുന്നതില്‍ വളരെയേറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് സേതുമാധവന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. വേണുവിനും പ്രധാന കഥാപാത്രമായ മുനിസ്വാമിയെ അനശ്വരനാക്കിയ എം എസ് ഭാസ്കറിനും മറ്റു ടീം അംഗങ്ങൾക്കും അഭിന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.

ഡോക്യുമെന്‍ററി സംവിധായകൻ എന്നനിലയിൽ ശ്രദ്ധേയനായ വേണു നായർ സംവിധാനം ചെയ്ത ആദ്യ ഫീച്ചർ ഫിലിമാണ് ജലസമാധി. സേതുവിന്റെ അടയാളങ്ങള്‍ എന്ന നോവലിന്റെ സിനിമാവിഷ്‌ക്കാരമാണ് ‘ജലസമാധി’ എന്ന സിനിമ. പ്രശസ്ത തമിഴ് നടൻ എം എസ് ഭാസ്കറിന്റെ മികച്ച പ്രകടനമാണ് ചിത്രത്തെ വേറിട്ട് നിര്‍ത്തുന്നത്. ജീവിതത്തിലെ മുഴുവന്‍ സമയവും നീക്കിവെച്ച് അത്രയധികം സ്നേഹിച്ച ഉറ്റവര്‍ക്ക് വേണ്ടെന്ന് മനസ്സിലായതോടെ ആത്മസംയമനത്തോടെ സർവ്വതും ഈശ്വരനിലർപ്പിച്ച് സ്വയം മരണത്തിലേക്ക് പോകുന്ന കുടുംബനാഥന്‍റെ വേഷമാണ് എം എസ് ഭാസ്കർ അനശ്വരമാക്കിയത്.

കേരള -തമീഴ്‌നാട് അതിര്‍ത്തിയിലുളള മീനാക്ഷി പാളയം എന്ന ഗ്രാമത്തിലെ തലൈക്കുത്തല്‍ എന്ന ദുരാചാരം ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍ മുന്നോട്ട് വെക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. എന്നാല്‍,  ഇന്നത്തെ സമൂഹത്തില്‍ നല്ലൊരു ശതമാനം പ്രായമായവരും നേരിടുന്ന അവഗണനയും കുറ്റപ്പെടുത്തലുകളും ചിത്രത്തിലൂടെ ഭാസ്കര്‍ അവതരിപ്പിച്ച വൃദ്ധ കഥാപാത്രം മുനിസ്വാമിയിലൂടെ സംവിധായകന്‍ വരച്ചുകാട്ടുന്നു. വാര്‍ധക്യം പിടിപെട്ട് കുടുംബത്തിന് വേണ്ടാത്തവരാകുന്നവരെ ആചാരനുഷ്ഠാനങ്ങളുടെ പുകമറയോടെ കൊലപ്പെടുത്തുന്നതാണ് തലൈക്കുത്ത്.

By Binsha Das

Digital Journalist at Woke Malayalam