Sun. Dec 22nd, 2024
Wayanad maoist encounter maoist Velmurugan

കല്‍പ്പറ്റ:

വയനാട്‌, ബാണാസുര വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്‌ മധുര, തേനി സ്വദേശി വേല്‍മുരുഗനാണെന്ന്‌ വ്യക്തമായി. തമിഴ്‌നാട്‌ ക്യു ബ്രാഞ്ച്‌ ആണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌. മൃതദേഹം സബ്‌ കളക്‌റ്ററുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ്‌ പൂര്‍ത്തീകരിച്ചു. വെടിയേറ്റ്‌ നിലത്തു മരിച്ചു കിടക്കുന്ന നിലയിലാണ് വേല്‍മുരുഗനെ കണ്ടെത്തിയതെന്നാണ്‌ എഫ്‌ഐആറില്‍ പറയുന്നത്‌.

പോലിസിനെതിരേ വെടിയുതിര്‍ത്ത മാവോയിസ്‌റ്റ്‌ സംഘത്തിനെതിരേ പ്രത്യാക്രമണം നടത്തിയപ്പോഴാണ്‌ മരണം സംഭവിച്ചതെന്ന്‌ പോലിസ്‌ അറിയിച്ചു. അഞ്ചോളം വരുന്ന യുണിഫോധാരികള്‍ പൊലിസ്‌ സംഘത്തിനു നേരേ വെടിവെക്കുകയായിരുന്നുവെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

ചൊവ്വാഴ്‌ച രാവിലെ പട്രോളിംഗിനിടെയാണ്‌ സംഭവം. അരമണിക്കൂര്‍ നീണ്ട വെടിവെപ്പില്‍ ഒരാള്‍ക്കു പരുക്കേറ്റു, എന്നാല്‍ തെരച്ചിലില്‍ ഇയാളെ കണ്ടെത്താനായില്ല. കബനി ദളം രണ്ടിലെ മാവോവാദി പ്രവര്‍ത്തകരാണിവരെന്നാണ്‌ റിപ്പോര്‍ട്ട്‌.

സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരെ ചിത്രം പകര്‍ത്താന്‍ അനുവാദിക്കാത്തതിനെത്തുടര്‍ന്ന്‌ സ്ഥലത്ത്‌ സംഘര്‍ഷമുണ്ടായി.