Sun. Dec 22nd, 2024

തിരുവനന്തപുരം:

പൊതുവേദിയില്‍ നടത്തിയ സ്‌‌ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പോലിസ്‌ കേസെടുത്തു. സോളാര്‍ കേസ്‌ പരാതിക്കാരി നല്‍കിയ പരാതിയില്‍ തിരുവനന്തപുരം വനിതാപോലിസ്‌ സ്റ്റേഷനിലാണ്‌ കേസ്‌ റജിസ്‌റ്റര്‍ ചെയ്‌തത്‌. സ്‌ത്രീത്വത്തെ അപമാനിച്ചു, വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ്‌ കേസെടുത്തിരിക്കുന്നത്‌.

പരാതിക്കാരി ഡിജിപിക്കു നല്‍കിയ പരാതി, അദ്ദേഹം സിറ്റി പോലിസ്‌ കമ്മിഷണര്‍ക്കു കൈമാറുകയായിരുന്നു. ഈ പ്രശ്‌നത്തില്‍ മുല്ലപ്പള്ളിക്കെതിരേ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

സോളാര്‍ കേസിലെ പരാതിക്കാരിയെ അഭിസാരികയെന്നു വിശേഷിപ്പിച്ചതും ബലാത്സംഗത്തിനിരയായ സ്‌ത്രീ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞതുമാണ്‌ വിവാദമായത്‌. സര്‍ക്കാരിനെതിരേ കേരളപ്പിറവി ദിനത്തില്‍ യുഡിഎഫ്‌ സംഘടിപ്പിച്ച വഞ്ചനാദിനത്തിലായിരുന്നു പരാമര്‍ശം നടത്തിയത്‌.