Mon. Dec 23rd, 2024
Manju Warrier against Dileep
കൊച്ചി:

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ. ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടിയും മഞ്ജു വാര്യരും നൽകിയ മൊഴികൾ രേഖപ്പെടുത്തുന്നതിൽ വിചാരണക്കോടതിയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. കേസിൽ ഇന്ന് വാദം കേട്ട ഹൈക്കോടതി വെള്ളിയാഴ്ച്ച വരെ വിചാരണ നിർത്തിവെയ്ക്കാൻ ഉത്തരവിട്ടു.

കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാരിയരുടെ മൊഴി രേഖപ്പെടുത്തുന്നതിൽ വിചാരണക്കോടതിക്ക് വലിയ വീഴ്ചയാണ് ഉണ്ടായതെന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മകളെ ഉപയോഗിച്ച് എട്ടാം പ്രതി ദിലീപ് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മഞ്ജു മൊഴി നൽകിയിരുന്നു. മൊഴി കൊടുക്കുന്നതിന് 3 ദിവസം മുമ്പ് മകൾ ഫോണിൽ വിളിച്ച് ദിലീപിനെതിരെ മൊഴി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജു മൊഴി നൽകിയത്. എന്നാൽ ഈ സുപ്രധാന മൊഴി രേഖപ്പെടുത്താൻ വിചാരണക്കോടതി തയാറായില്ല. കേസിനെ സ്വാധീനിക്കാനുളള പ്രതിയുടെ ശ്രമമെന്നറിഞ്ഞിട്ടും ഇടപെട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും കോടതിക്ക് വീഴ്ച സംഭവിച്ചു. തന്നെ വകവരുത്തുമെന്ന് ദീലിപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നൽകിയിരുന്നു. എന്നാൽ ഇക്കാര്യവും രേഖപ്പെടുത്താൻ കോടതി തയാറായില്ല. കേട്ടറിവ് മാത്രമെന്നായിരുന്നു വിചാരണക്കാടതിയുടെ ന്യായമെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. പ്രോസിക്യൂഷന് കോടതിയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് നടി ഹൈക്കോടതിയിൽ വ്യക്തമാക്കി. പക്ഷപാതപരമായി പെരുമാറുന്ന കോടതിയിൽ താൻ എങ്ങനെ വിശ്വസിക്കുമെന്നാണ് നടി ചോദിച്ചത്.

By Arya MR