ഡല്‍ഹി:
ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റ്ററേറ്റ് കേസിന്റെ പശ്ചാത്തലത്തില്‍ പിതാവ് കോടിയേരി ബാലകൃഷ്‌ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷ് പാര്‍ട്ടിയംഗമല്ല. ഇതു സംബന്ധിച്ച് കോടിയേരി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ ബിനീഷ് ശിക്ഷിക്കപ്പെടട്ടെ. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ വരുമാനം കൂടിയതു പോലെയല്ല ബിനീഷിനെതിരായ കേസ്. ഇക്കാര്യത്തില്‍ കോടിയേരി തന്നെ അന്വേഷണത്തെ സ്വാഗതം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് യെച്ചൂരി ആരോപിച്ചു. സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളയാന്‍ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന സര്‍ക്കാരാണ് ഇതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. അവര്‍ തീരുമാനം എടുക്കുമെന്നാണ് ധാരണ.
തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികളുമായി സിപിഎം ധാരണയുണ്ടാക്കുമെന്നും പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റ് ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.