Wed. Jan 22nd, 2025

തിരുവനന്തപുരം:

ഇന്‍കെല്‍ മാനേജിംഗ്‌ ഡയറക്‌റ്റര്‍ എം പി ദിനേശ്‌ ഐപിഎസിനെ പുറത്താക്കി. ഡയറക്‌റ്റര്‍ ബോര്‍ഡിന്റെ പരാതിയിലാണ്‌ സര്‍ക്കാര്‍ നടപടി. ശമ്പളവര്‍ധനവിനു വേണ്ടി അദ്ദേഹം നടത്തിയ നീക്കമാണ്‌ സര്‍ക്കാര്‍ നടപടിക്കു കാരണം. ബിപിസിഎല്‍ മുന്‍ ചീഫ്‌ ജനറല്‍ മാനെജര്‍ എ മോഹന്‍ലാലിനു പകരം ചുമതല നല്‍കി. ഒരു വര്‍ഷത്തിനിടെ ഇന്‍കെലില്‍ നിയമിതനായ നാലാമത്തെ എംഡിയാണ്‌ എറണാകുളം സിറ്റി പൊലീസ്‌ കമ്മിഷണറായിരുന്ന ദിനേശ്‌.

രണ്ട്‌ ലക്ഷം രൂപയായിരുന്നു ദിനേശിന്‌ നിശ്ചയിച്ചിരുന്ന ശമ്പളം. ഖാദി ബോര്‍ഡ്‌ സെക്രട്ടറി കെഎ രതീഷ്‌ മുന്‍പ്‌ ഈ പദവിയിലിരിക്കെ നേടിയ ശമ്പളം മൂന്നരലക്ഷം രൂപയായിരുന്നു. കശുവണ്ടി അഴിമതിക്കേസിലെ പ്രതിയായ രതീഷിന്‌ ഖാദി ബോര്‍ഡില്‍ ഇതേ ശമ്പളം നല്‍കാനുള്ള തീരുമാനം വിവാദമാകുകയും ചെയ്‌തു.

ദിനേശിന്‌ രണ്ടു ലക്ഷം രൂപ ശമ്പളം നിശ്ചയിച്ചതിനു പുറമെ പാചകക്കാരനുള്ള അലവന്‍സും അനുവദിച്ചിരുന്നു. എന്നാല്‍ അതു പോരെന്നും മൂന്നര ലക്ഷം രൂപ തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ തുക അനുവാദം കൂടാതെ ദിനേശ്‌ എഴുതി എടുത്തതായാണ്‌ ഡയറക്‌റ്റര്‍ ബോര്‍ഡ്‌ പരാതിപ്പെട്ടത്‌.

അദ്ദേഹത്തിന്റെ യോഗ്യതയെപ്പറ്റിയും പരാതികള്‍ ഉയര്‍ന്നിരുന്നു. സ്വതന്ത്ര ഡയറക്‌റ്റര്‍ വിദ്യ സംഗീത്‌ വിയോജിപ്പ്‌ അറിയിച്ചതിനെത്തുടര്‍ന്ന്‌ വ്യവസായ മന്ത്രി നേരിട്ട്‌ ഇടപെട്ട്‌ ദിനേശിനെ മാറ്റുകയായിരുന്നു. കെഎസ്‌ആര്‍ടിസി എംഡിസ്ഥാനത്തു കാലാവധി പൂര്‍ത്തീകരിക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ്‌ ജൂണില്‍ ഇന്‍കെല്‍ എംഡി സ്ഥാനത്തു നിയമിതനായത്‌. ഡയറക്‌റ്റര്‍ ബോര്‍ഡിലെ അസ്വാരസ്യങ്ങളെത്തുടര്‍ന്ന്‌ ശമ്പള വര്‍ധനവിനുള്ള നീക്കം ഒക്‌റ്റോബറില്‍ ദിനേശ്‌ പിന്‍വലിച്ചെങ്കിലും ഇതിന്റെ പേരില്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോയി.

വന്‍കിട പദ്ധതികള്‍ക്കായി മൂലധനസമാഹരണം നടത്താന്‍ സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച കമ്പനിയാണ്‌ ഇന്‍കെല്‍. വ്യവസായമന്ത്രി ഇ പി ജയരാജന്‍ ചെയര്‍മാനായ കമ്പനിയില്‍ സര്‍ക്കാരിന്റെ ഓഹരി 29 ശതമാനമാണ്‌.

രണ്ടായിരം കോടിയിലേറെ രൂപയുടെ കരാറുകള്‍ പരിഗണനയിലിരിക്കെയാണ്‌ ഇന്‍കെലില്‍ അനിശ്ചിതത്വമുണ്ടായിരിക്കുന്നത്‌. ഇന്‍കെലിന്റെ മെല്ലെപ്പോക്കില്‍ കിഫ്‌ ബി പരാതിപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ദിനേശിന്റെനിയമനം. പുറത്താക്കല്‍ നടപടിയോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വീണ്ടും സ്‌തംഭനാവസ്ഥയിലെത്തിയിരിക്കുകയാണ്‌.