Fri. Nov 22nd, 2024
Pubg shutdown all services in India
ഡൽഹി:

ഇന്ത്യയിലെ ഏറ്റവും ട്രെൻഡിങ്ങായ ഗെയിം പബ്‌ജി രാജ്യത്തെ പ്രവർത്തനം അവസാനിപ്പിച്ചു. ഇന്ത്യയിലെ സേവനം അവസാനിപ്പിച്ചതായി, പ്ലെയേഴ്സ് അൺനോൺ ബാറ്റിൽഗ്രൗണ്ട് അഥവാ പബ്ജിയുടെ ഉടമകൾ ഫെയ്സ്ബുക്കിലൂടെയാണ് പ്രഖ്യാപിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സെപ്റ്റംബർ രണ്ടിനു പബ്ജി മൊബൈലും പബ്ജി ലൈറ്റും ഉൾപ്പെടെ 117 ആപ്പുകൾ നിരോധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രവർത്തനം അവസാനിപ്പിച്ചത്.

“പ്രിയ ആരാധകരെ, സെപ്റ്റംബർ രണ്ടിന് കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫൊർമേഷൻ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച ഇടക്കാല ഉത്തരവു പ്രകാരം ഇന്ത്യയിലെ പബ്ജി മൊബൈൽ നോർഡിത് മാപ്: ലിവിക്, പബ്ജി മൊബൈൽ ഇ ലൈറ്റ് എന്നിവയുടെ ഇന്ത്യയിലെ എല്ലാ സേവനങ്ങളും ഇന്ന് അവസാനിക്കുകയാണ്. പബ്ജി മൊബൈൽ സംബന്ധിച്ച ഇന്ത്യയിലെ എല്ലാ അവകാശങ്ങളും പബ്ജിയുടെ ബൗദ്ധിത സ്വത്ത് ഉടമയിലേക്കു തിരികെയെത്തും,” പബ്‌ജി അധികൃതർ ഫേസ്ബുക്കിൽ കുറിച്ചു.

ആപ്പിളിന്‍റെ ആപ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിൽ നിന്നു നേരത്തേ തന്നെ പബ്ജി ലഭിക്കാതായിരുന്നെങ്കിലും നിലവിൽ ഉപയോഗിച്ചിരുന്നവർക്ക് കളിക്കാനാവുമായിരുന്നു. എന്നാൽ, അവർക്ക് ഇന്നുമുതൽ ഈ സേവനം ലഭ്യമാകില്ല.

ചൈനീസ് ആപ്പുകൾ നിരോധിച്ചതിന്റെ കൂട്ടത്തിലാണ് പബ്ജിക്കും വിലക്കുവീണത്. എന്നാൽ, സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ച് പബ്ജി തിരികെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഈ ഗെയിമിന്‍റെ ആരാധകർ. നിരോധനം വന്നതോടെ, ചൈനീസ് ടെക് ഭീമനായ ടെൻസെന്‍റുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി പബ്ജി അറിയിച്ചിരുന്നു. എന്നാൽ ഉടമസ്ഥാവകാശം മാറി എന്നു കരുതി നിരോധനം പിൻവലിക്കുന്ന കാര്യം പരിഗണിക്കാനാകില്ലെന്ന നിലപാടാണ് കേന്ദ്രം കൈക്കൊണ്ടത്.

ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി എന്നതടക്കം എഴുപതോളം പ്രശ്നങ്ങളാണ് പബ്ജി അടക്കമുള്ള ആപ്പുകൾക്കെതിരേ ഇന്ത്യ ഉന്നയിച്ചത്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാലും ഗെയിം യുവാക്കളെ വഴിതെറ്റിക്കുന്നതായും അക്രമങ്ങൾക്കും ആത്മഹത്യകൾക്കും വഴിയൊരുക്കുന്നതായും ആരോപണമുയർന്നിരുന്നു. മണിക്കൂറുകളോളം കുട്ടികൾ ഗെയിമിന് മുന്നിൽ സമയം ചെലവഴിക്കുന്നതായി രക്ഷിതാക്കൾ പരാതി ഉന്നയിച്ചിരുന്നു.

By Arya MR