Sun. Dec 22nd, 2024
കൊച്ചി:

സ്‌ത്രീകള്‍ക്കെതിരേ അശ്ലീലപരാമര്‍ശം നടത്തി വിഡിയൊ പുറത്തുവിട്ട യൂട്യൂബര്‍ വിജയ്‌ പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റ്‌ ഭാഗ്യലക്ഷ്‌മിക്കും കൂട്ടരും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കേസില്‍ വാദം പൂര്‍ത്തിയായി. പ്രതികള്‍ നിയമം കൈയിലെടുത്തത്‌ അംഗീകരിക്കാനാകില്ലെന്ന്‌ കോടതി പറഞ്ഞു.

കൈയേറ്റം ചെയ്‌തതും ദൃശ്യങ്ങള്‍ പുറത്തു വിട്ടതും നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാത്തതു കൊണ്ടല്ലേയെന്നു കോടതി ചോദിച്ചു. എന്നാല്‍ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാനാണ്‌ ശ്രമിച്ചതെന്ന്‌ ഭാഗ്യലക്ഷ്‌മിയുടെ അഭിഭാഷകന്‍ പറഞ്ഞു. അത്തരത്തില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ അതിന്റെ പരിണിതഫലവും അനുഭവിക്കാന്‍ തയാറാകണമെന്ന്‌ കോടതി പ്രതികരിച്ചു.

മുറിയിലേക്ക്‌ പ്രതികള്‍ അതിക്രമിച്ചു കയറുകയായിരുന്നുവെന്നും ഇവര്‍ക്ക്‌ ജാമ്യം അനുവദിക്കരുതെന്നും വിജയ്‌ പി നായരുടെ അഭിഭാഷകന്‍ വാദിച്ചു. മോഷണവും കൈയേറ്റവുമായിരുന്നു ലക്ഷ്യമെന്നും ജാമ്യം അനുവദിക്കുന്നത്‌ സമൂഹത്തിന്‌ തെറ്റായ സന്ദേശം നല്‍കുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഈ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും വിജയ്‌ നായരുടെ ആവശ്യപ്രകാരമാണ്‌ ചെന്നതെന്നും ഭാഗ്യലക്ഷ്‌മിയും കൂട്ടരും അറിയിച്ചു. മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും കോടതി പറയുന്ന എന്ത്‌ ഉപാധിയും അംഗീകരിക്കുമെന്നും അവര്‍ സമ്മതിച്ചു. സനാ ഫാത്തിമ, ശ്രീലക്ഷ്‌മി അറയ്‌ക്കല്‍ എന്നിവര്‍ കൂടി പ്രതികളായ കേസിലാണ്‌ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്‌.