കൊച്ചി:
മത്സ്യത്തൊഴിലാളികളെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കാനെന്ന പേരില്‍ സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെതിരേ മത്സ്യത്തൊഴിലാളി സംഘടനകള്‍. പരമ്പരാഗതമായി മത്സ്യലേലത്തില്‍ ഇടനിലക്കാരായി നില്‍ക്കുന്ന കച്ചവടക്കാരെയും തരകന്മാരെയും ഒഴിവാക്കാനാണ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ ഓര്‍ഡിനന്‍സിറക്കാന്‍ സര്‍ക്കാര്‍ തയാറായതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
മത്സ്യത്തൊഴിലാളി സംഘങ്ങളെ ശാക്തീകരിക്കാനും തൊഴിലാളികള്‍ക്ക് അധ്വാനത്തിന് ആനുപാതികമായി പ്രതിഫലം നല്‍കാനും ഓര്‍ഡിനന്‍സ് സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. തൊഴിലാളിക്ക് വിലനിര്‍ണയത്തിനുള്ള അവകാശം സംരക്ഷിക്കാനും മീനിന്റെ നിലവാരം ഉറപ്പാക്കാനും ഹാര്‍ബറുകളില്‍ മത്സ്യത്തൊഴിലാളി സംഘങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയുമാണ് ഓര്‍ഡിനന്‍സ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.
”മത്സ്യത്തൊഴിലാളിക്ക് പിടിക്കുന്ന മീനിന്റെ വിലനിശ്ചയിക്കാനുള്ള അവകാശവും മീനിന് ഗുണനിലവാരം ഉറപ്പാക്കുകയുമാണ് ഓര്‍ഡിനന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്. ലാന്‍ഡിംഗ് സെന്ററുകളില്‍ മത്സ്യത്തൊഴിലാളി സംഘങ്ങളുടെ ശാക്തീകരണം വഴി മത്സ്യവില അവരുടെ എക്കൗണ്ടിലേക്ക് ലഭ്യമാക്കാനും സ്വന്തമായിട്ടില്ലാത്ത മത്സ്യബന്ധനോപകരണങ്ങള്‍ സ്വന്തമാക്കാനും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നുണ്ട്,” മന്ത്രി പറഞ്ഞു.
നിലവില്‍ ഇടത്തട്ടുകാര്‍ക്ക് നല്‍കുന്ന അഞ്ച് ശതമാനം കമ്മിഷന്‍, മത്സ്യസംഘങ്ങള്‍ക്ക് നല്‍കണമെന്ന വ്യവസ്ഥയ്‌ക്കെതിരേയാണ് മത്സ്യത്തൊഴിലാളി നേതാക്കളുടെ വിമര്‍ശനം. ഫലത്തില്‍ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന കമ്മിഷന്‍തുക തന്നെ നഷ്ടമാകുന്നു. ഇത് കൊണ്ട് തൊഴിലാളികള്‍ക്ക് യാതൊരു മെച്ചവുമില്ലെന്നും ചൂഷണത്തിന്റെ ആഘാതം കുറയുന്നില്ലെന്നും മത്സ്യത്തൊഴിലാളി നേതാക്കള്‍ പറയുന്നു.
‘മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും’ എന്നാണ് ഓര്‍ഡിനന്‍സിനു പേര് നല്‍കിയിരിക്കുന്നത്. കടലുമായി മല്ലിട്ട് കരയിലടുക്കുന്ന മത്സ്യബന്ധന ബോട്ടുകളില്‍ നിന്ന് ലഭിക്കുന്ന മത്സ്യത്തിന്റെ അഞ്ചു ശതമാനം മത്സ്യസംഘങ്ങള്‍ക്ക് കൊടുക്കണെന്ന് ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു. ഇത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരെ ഒഴിവാക്കാനെന്ന പേരില്‍ ചൂഷണത്തിന് നിയമപരിരക്ഷ നല്‍കലാണെന്ന് മത്സ്യമേഖലയില്‍ നിന്നുള്ള വിമര്‍ശനം.
മത്സ്യത്തൊഴിലാളി സംഘങ്ങള്‍ രൂപവല്‍ക്കരിച്ചതിന്റെ പ്രാഥമികോദ്ദേശ്യം വരെ റദ്ദ് ചെയ്യുന്ന വിധത്തിലാണ് ഓര്‍ഡിനന്‍സെന്ന് കേരള പരമ്പരാഗതമത്സ്യത്തൊഴിലാളി സമിതി സംസ്ഥാനസെക്രട്ടറി പി ബി ദയാനന്ദന്‍ പറയുന്നു. ”ടി കെ രാമകൃഷ്‌ണന്‍ ഫിഷറീസ് മന്ത്രിയായിരുന്ന സമയത്താണ് മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങള്‍ക്കു തുടക്കമിട്ടത്. ഇടത്തട്ടുകാരില്‍ നിന്നു മത്സ്യത്തൊഴിലാളികളെ സാമ്പത്തികമായി സംരക്ഷിക്കുകയെന്നതും ചൂഷണത്തിന് ഇരയാകുന്നവരെ സഹായിക്കുകയുമായിരുന്നു. എന്നാല്‍ ഇതു കൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് കാര്യമായി ഒന്നും കിട്ടിയിട്ടില്ല. പുതിയ ഓര്‍ഡിനന്‍സ് പ്രകാരം ഇടത്തട്ടുകാര്‍ക്കു പകരം സര്‍ക്കാര്‍ വരണം എന്നാണ് ഉദ്ദേശിച്ചത്. അങ്ങനെയെങ്കില്‍ ഈ അഞ്ച് ശതമാനം കമ്മിഷന്‍ സര്‍ക്കാരിലേക്ക് എത്തിച്ചേരും. എന്നാല്‍ സര്‍ക്കാര്‍ അതിനുള്ള നടപടികളൊന്നും ചെയ്യാന്‍ തയാറായിട്ടില്ല.”
”പകരം, അത് മത്സ്യഫെഡില്‍ അംഗത്വമുള്ള സംഘങ്ങളില്‍ നിക്ഷിപ്‌തമാക്കി. പല ഹാര്‍ബറുകളും വള്ളങ്ങളില്‍ പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് അടുപ്പിക്കുന്നില്ല. മുനമ്പം പോലുള്ള ഹാര്‍ബറുകള്‍ ഉദാഹരണം, അത് അറിയപ്പെടുന്നത് ബോട്ടുകാരുടെ ഹാര്‍ബറെന്നാണ്. അവിടെ വഞ്ചിക്കാരുടെ തൊഴിലുപകരണങ്ങള്‍ സൂക്ഷിക്കാനൊന്നും സാധിക്കില്ല. വൈപ്പിന്‍, കാളമുക്ക് ഹാര്‍ബര്‍ സ്വകാര്യവ്യക്തിയുടേതാണ്. അവിടെ ഒരു വള്ളം അടുക്കുമ്പോള്‍ ഒരു ശതമാനം ഉടമയ്‌ക്ക് കൊടുക്കണം. മത്സ്യഫെഡ് വഴി സര്‍ക്കാരിലെത്തുന്ന പണത്തില്‍ നിന്ന് ഈ ഒരു ശതമാനം കൊടുക്കണമെന്നാണ് വ്യവസ്ഥയെങ്കിലും അത് പലപ്പോഴും നടക്കാറില്ല, തൊഴിലാളികളില്‍ നിന്ന് പിടിച്ചു വാങ്ങുകയാണ്.”
”വള്ളക്കടവുകളില്‍ വന്ന് ലേലം വിളിക്കാന്‍ ഇപ്പോള്‍ നിയന്ത്രണങ്ങളുണ്ട്. അതിന് സര്‍ക്കാര്‍ സൗകര്യം ചെയ്‌തു തരണം. സര്‍ക്കാരിലെത്തുന്ന അഞ്ചു ശതമാനത്തില്‍ നിന്ന് ഒരു ശതമാനം മാത്രം മത്സ്യത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി വഴി ലഭിക്കണമെന്നു വ്യവസ്ഥയുണ്ടെങ്കിലും അതിനു പിന്നില്‍ കടുത്ത ചൂഷണമാണ് നടക്കുന്നത്”- ദയാനന്ദന്‍ പറയുന്നു. അതേസമയം, തരകന്മാരും കച്ചവടക്കാരും സര്‍ക്കാര്‍ നീക്കത്തെ പരാജയപ്പെടുത്തുകയാണെന്ന് സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ്ജ് ചൂണ്ടിക്കാട്ടുന്നു.
”മത്സ്യഫെഡുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ചുവട് സര്‍ക്കാര്‍ കൊവിഡ് കാലത്ത് നടത്തി. ഒരു കിലോ മത്തിക്ക് വിലയുടെ 41 ശതമാനമാണ് മത്സ്യത്തൊഴിലാളിക്ക് ലഭിക്കുന്നത്. അയിലയ്‌ക്ക് 50 ശതമാനവും മുള്ളന് 39 ശതമാനവുമാണ് പിടിക്കുന്നവന് ലഭിക്കുന്നത്. ഇതിനെതിരേ ഫിഷറീസ് വകുപ്പ് ഇടപെട്ടു നടത്തിയ ലേലം വിളിക്കാതെയുള്ള തൂക്കിവില്‍പ്പന തൊഴിലാളിക്ക് ഗുണകരമായിരുന്നു. ഇത് അട്ടിമറിക്കാനാണ് കച്ചവടക്കാരുടെ നീക്കം”. മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളുടെ നേരിട്ടുള്ള ഇടപെടല്‍ വഴി ഇതിനെ ചെറുക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.