Sun. Jan 19th, 2025
JEE Assam Topper Arrested
ഗുവാഹത്തി:

ജോയിന്റ് എന്‍ട്രന്‍സ് മെയിന്‍സ് (ജെഇഇ മെയിന്‍സ്) പരീക്ഷയില്‍ ക്രമക്കേട് നടത്തിയ ഒന്നാം റാങ്കുകാരൻ അറസ്റ്റിൽ. പരീക്ഷ എഴുതാൻ പകരക്കാരനെ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ആസാം സംസ്ഥാന ജേതാവ് നീല്‍ നക്ഷത്രദാസിനേയും, പിതാവിനെയും ഉൾപ്പെടെ അഞ്ച് പേരെയാണ് ഗുവാഹത്തി പോലീസ് അറസ്റ്റ് ചെയ്തത്. നീലിന്റെ പിതാവ് ഡോ. ജ്യോതിര്‍മയി ദാസ്, പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ഹമേന്ദ്ര നാഥ് ശര്‍മ, പ്രഞ്ജല്‍ കലിത, ഹീരുലാല്‍ പഥക് എന്നിവരാണ് അറസ്റ്റിലായത്.

രാജ്യത്തെ പ്രധാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ 99.8 ശതമാനം മാര്‍ക്ക് നേടിയാണ് പരീക്ഷാര്‍ഥിയായ നീല്‍ നക്ഷത്രദാസ് സംസ്ഥാനത്ത് ഒന്നാമതെത്തിയത്. ഇന്ത്യയിലെ പ്രമുഖ എന്‍ജിനീയറിങ് കോളേജുകളിലേക്കും ഐഐടികളിലേക്കുമുള്ള പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്.

പരീക്ഷയില്‍ ഒന്നാമതെത്താന്‍ കൃത്രിമം കാണിച്ചതായി സൂചന നല്‍കുന്ന വാട്‌സ്ആപ്പ് സന്ദേശവും ഫോണ്‍കോള്‍ റെക്കോഡുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മിത്രദേവ് ശര്‍മ എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തരക്കടലാസില്‍ പേരും റോള്‍നമ്പറും രേഖപ്പെടുത്താന്‍ മാത്രമാണ് നീല്‍ പരീക്ഷാകേന്ദ്രത്തിലെത്തിയത്. പിന്നീട് ആ ഉത്തരക്കടലാസില്‍ മറ്റൊരാള്‍ പരീക്ഷയെഴുതുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം വിപുലീകരിച്ചതായും ഇതൊരു ഒറ്റപ്പെട്ട സംഭവമാവാനിടയില്ലെന്നും പോലീസ് സൂചിപ്പിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ അസം പോലീസ് വിവരമറിയിച്ചു. ഗുവാഹത്തിയിലെ പരീക്ഷാകേന്ദ്രത്തിലെ ഇന്‍വിജിലേറ്ററുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതായി പോലീസ് പറഞ്ഞു.

By Arya MR