കോഴിക്കോട്:
മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് നിലമ്പൂര്‍ സ്വദേശി സിബി വയലില്‍ തട്ടിയത് എട്ട് കോടിയിലധികം രൂപയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിലമ്പൂര്‍ പാട്ടുല്‍സവ നടത്തിപ്പിനു കൈമാറിയ തുക സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തും സിബിയും നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും ഇഡി കണ്ടെത്തി.
സീറ്റ് നല്‍കാമെന്നുറപ്പിച്ച് നിരവധി രക്ഷിതാക്കളില്‍നിന്ന് സിബി നാല് കോടിയോളം തട്ടിയെന്നാണ് കേസ്. എന്നാല്‍ ഇഡിയുടെ അന്വേഷണത്തില്‍ ഇത് എട്ട് കോടിയിലധികമാണെന്നു തെളിഞ്ഞു. നിലമ്പൂര്‍ പാട്ടുല്‍സവ നടത്തിപ്പിനു 40 ലക്ഷത്തിലധികം രൂപ നല്‍കിയെന്നായിരുന്നു സിബി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. നാമമാത്രമായ തുകയെന്നായിരുന്നു ആര്യാടന്‍ ഷൗക്കത്ത് ഇഡിക്ക് മൊഴിനല്‍കിയിരുന്നത്.
പാട്ടുല്‍സവത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ആര്യാടന്‍ ഷൗക്കത്ത് സമര്‍പ്പിച്ചെങ്കിലും പണത്തിന്റെ ഉറവിടം സംബന്ധിച്ച് അവ്യക്തതയുണ്ട്. ഷൗക്കത്ത് നല്‍കിയ മൊഴി ഇഡി പൂര്‍ണമായും അംഗീകരിച്ചിട്ടില്ല. വേണ്ടി വന്നാല്‍ വീണ്ടും ഷൗക്കത്തിനെ വിളിച്ചുവരുത്തും. സിബി പണം നിക്ഷേപിച്ചതായിപ്പറയുന്ന സ്വകാര്യ മെഡിക്കല്‍ കോളജ് ഉടമകളുടെയും മൊഴിയെടുക്കും. അതേസമയം, സിബിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇഡി ഹൈക്കോടതിയില്‍ അടുത്തദിവസം തടസ്സ ഹര്‍ജി നല്‍കും.