Fri. Nov 22nd, 2024
കൊച്ചി:

കൊവിഡ്‌ വ്യാപനം സംസ്ഥാനത്തെ മത്സ്യബന്ധനരംഗത്തെ നിലയില്ലാക്കയത്തിലേക്കു തള്ളി വിട്ടിരിക്കുന്നു. തൊഴില്‍നഷ്ടവും വരുമാനച്ചോര്‍ച്ചയും ഇടത്തട്ടുകാരുടെ ചൂഷണത്തിനൊപ്പം മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുഷ്‌കരമാക്കി. മത്സ്യ ബന്ധനത്തിന്‌ വിലക്കു വന്നതോടെ മത്സ്യത്തൊഴിലാളികള്‍ ദുരിതക്കയത്തിലായി. ലോക്ക്‌ ഡൗണ്‍ ഇളവുകള്‍ വന്നെങ്കിലും പഴയ ജീവിതതാളം തിരിച്ചു പിടിക്കാനായില്ലെന്നാണ്‌ അവര്‍ പറയുന്നത്‌.

കടലില്‍ മീന്‍ കൂടുതല്‍ കിട്ടുന്ന മാര്‍ച്ച്‌ മാസത്തിലാണ്‌ കൊറോണയുടെ വരവ്‌. ഈ സമയത്താണ്‌ കടബാധ്യതകളൊതുക്കി സാമ്പത്തികമായി എന്തെങ്കിലും നേട്ടം ഉണ്ടാക്കാനാകുന്നത്‌. എന്നാല്‍ ഈ പ്രതീക്ഷ തകര്‍ത്തെറിഞ്ഞു കൊണ്ടായിരുന്നു കൊവിഡിന്റെ താണ്ഡവം.

ഓഖി ദുരന്ത സമയത്തും പ്രളയകാലത്തും അതിജീവനത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളി സമൂഹത്തെ സര്‍ക്കാര്‍ കാര്യമായി പരിഗണിക്കുന്നില്ലെന്ന്‌ കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി സംസ്ഥാന സെക്രട്ടറി പി ബി ദയാനന്ദന്‍ പറയുന്നു.

Traditional Fishermen Co-ordination Committee secretary PB Dayanandan
പി ബി ദയാനന്ദന്‍, സംസ്ഥാന സെക്രട്ടറി, കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി

”ഈ സമയത്താണ്‌ കടലില്‍ പരമ്പരാഗത മേഖലയില്‍ ജോലിയുണ്ടാകുന്നത്‌, മത്സ്യത്തൊഴിലാളിയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നത്‌. കൊറോണ സമൂഹത്തില്‍ വിതച്ച ദുരിതം മത്സ്യത്തൊഴിലാളിയെ കാര്യമായി ബാധിച്ചു. സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ച്‌ ജോലിക്കു പോകാനാകാതെ വന്നതോടെ അവന്റെ വരുമാനം നിലച്ചു. എന്നാല്‍ അവനു വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്‌തില്ലെന്നാണ്‌ മത്സ്യത്തൊഴിലാളിസമൂഹത്തിന്റെ പൊതുവികാരം,” ദയാനന്ദന്‍ പറഞ്ഞു.

കൊവിഡ്‌ വ്യാപനം, തൊഴിലിടത്തില്‍ മാത്രമല്ല, കുടുംബത്തിലും പ്രശ്‌നങ്ങളുണ്ടാക്കി. പലരുടെയും സ്ഥിരവരുമാനം നിലച്ചതോടെയാണിത്‌. വള്ളങ്ങളില്‍ തൊഴിലാളികളെ കുറയ്‌ക്കാനുള്ള നിര്‍ദ്ദേശവും ഇന്ധനവിലയും ഉപകരണങ്ങളുടെ വിലവര്‍ധനയും അതിജീവനം ദുഷ്‌കരമാക്കുന്ന സ്ഥിതിയിലെത്തിയെന്ന് കാളമുക്ക് ഹാര്‍ബറിലെ മത്സ്യത്തൊഴിലാളിയായ ജിബിന്‍ പറയുന്നു.

Jibin, Fisher man, Kalamukku Harbor, Vypin, Kochi, Kerala
ജിബിന്‍, മത്സ്യത്തൊഴിലാളി, കാളമുക്ക് ഹാര്‍ബര്‍, വൈപ്പിന്‍

”സ്ഥിരമായി കടലില്‍ പോകാന്‍ പറ്റണം, അപ്പോഴേ സ്ഥിരവരുമാനമുണ്ടാകൂ. അതു ലഭിക്കാത്ത പ്രശ്നങ്ങളുണ്ട്. പഠിക്കുന്ന കുട്ടികള്‍ എല്ലാ വീട്ടിലും കാണും. പഠനം ഓണ്‍ലൈന്‍ ആയതിന്‍റെ ചെലവുകള്‍ വേറെ. നിയന്ത്രണം വന്നതോടെ ഊഴമനുസരിച്ചു പോകുമ്പോള്‍, എല്ലാ വള്ളങ്ങളിലും പഴയതു പോലെ മീന്‍ കിട്ടാത്തതു പോലുള്ള പ്രശ്നമുണ്ട്. അതേ പോലെ കിട്ടുന്ന മീനിനു വിലയില്ലാത്ത അവസ്ഥയുണ്ട്. വിപണി, പ്രാദേശികമായി ചുരുങ്ങിയതോടെ എല്ലാം സമയത്തിനു വിറ്റഴിക്കാത്ത നിലവന്നു, അങ്ങനെ ജീവിതം വല്ലാത്ത പ്രതിസന്ധിയിലാണ്.”

വള്ളങ്ങളും ബോട്ടുകളുമിറക്കാനുള്ള ചെലവ്‌ ലക്ഷങ്ങളിലെത്തി, എന്നാല്‍ പ്രകൃതി ക്ഷോഭങ്ങളും മത്സ്യവരള്‍ച്ചയും മൂലം അതിനു തക്ക വരുമാനം ലഭിക്കുന്നില്ല. ”ലോണും വായ്‌പയുമെടുത്താണ്‌ ഉപകരണങ്ങള്‍ വാങ്ങിയിട്ടുള്ളത്‌. കൊറോണ വന്നാല്‍ പട്ടിണി മാത്രമല്ല, ഭാവിയില്‍ ജോലിക്കു പോകാനുള്ള വസ്‌തുവകകള്‍ നഷ്ടപ്പെടുന്ന സ്ഥിയിലെത്തുമെന്ന‌ ആശങ്കയുമുണ്ട്,” ജിബിന്‍ പറയുന്നു.

അടുത്ത വര്‍ഷങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനവും അറബിക്കടലില്‍ രൂപംകൊണ്ട ക്രമരഹിതമായ ന്യൂനമര്‍ദ്ദങ്ങളും ജനപ്രിയ മത്സ്യങ്ങളുടെ ക്ഷാമവും സംസ്ഥാനത്തെ മത്സ്യമേഖലയെ ബാധിച്ചതായി കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ ചാള്‍സ്‌ ജോര്‍ജ്ജ്‌ ചൂണ്ടിക്കാട്ടുന്നു.

ചാള്‍സ്‌ ജോര്‍ജ്ജ്,‌ സംസ്ഥാന പ്രസിഡന്റ്‌, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി

”കാലാവസ്ഥാ വ്യതിയാനത്തിന്റെയും എല്‍നിനോ പ്രതിഭാസത്തിന്റെയും ഫലമായി കടലിലെ ജനപ്രിയ മത്സ്യമായ ചാളയില്‍ കുറവുണ്ടായിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ തങ്ങള്‍ മത്സ്യവരള്‍ച്ചാ പാക്കെജ്‌ ആവശ്യപ്പെട്ടത്‌. കോവിഡിന്റെ കാലത്ത്‌ മത്സ്യബന്ധനം സാധ്യമായില്ല. ഈ സാഹചര്യത്തിലെങ്കിലും പാക്കെജ്‌ അനുവദിക്കണം,” ചാള്‍സ്‌ ആവശ്യപ്പെട്ടു. അതേസമയം ഈ കെട്ട കാലത്തും സര്‍ക്കാര്‍ വിപണിയില്‍ നടത്തിയ ഇടപെടലിനെ അദ്ദേഹം സ്വാഗതം ചെയ്‌തു.

”കോവിഡ്‌ കാലത്ത്‌ ഇടത്തട്ടുകാരുടെ ചൂഷണം അവസാനിപ്പിക്കാന്‍ മത്സ്യഫെഡിന്റെ സഹകരണത്തോടെ മത്സ്യം ബള്‍ക്ക്‌ ആയി വില്‍ക്കുന്നതിനു പകരം തൂക്കി വില്‍ക്കുന്നതിന്‌ സര്‍ക്കാര്‍ എടുത്ത നടപടി സ്വാഗതാര്‍ഹമാണ്‌. ആ നയത്തെയും നടപടിയെയും പരാജയപ്പെടുത്താന്‍ കച്ചവടസംഘങ്ങള്‍ ശ്രമം നടത്തുന്നുണ്ട്‌. വിപണിയില്‍ പൂര്‍ണമായ സഹകരണപ്രസ്ഥാനങ്ങളുടെ ഇടപെടല്‍ പൂര്‍ണമാക്കുകയും ആധുനികീകരണം വര്‍ധിപ്പിക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണം,” അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ച പ്രകൃതിദുരന്തങ്ങളുടെ വറുതിയില്‍പ്പെട്ട മത്സ്യത്തൊഴിലാളിയുടെ ജീവിതം വറചട്ടിയില്‍ നിന്ന്‌ എരിതീയിലേക്കു വീണിരിക്കുകയാണ്‌. നാമമാത്രമായ ഇടപെടല്‍ നടത്തിയെന്ന്‌ സര്‍ക്കാരിന്‌ മേനി നടിക്കാമെങ്കിലും ആശ്വാസതീരം ഇനിയുമകലെ എന്നാണ്‌ മത്സ്യത്തൊഴിലാളികളുടെ വികാരം.