കണ്ണൂര്‍:
തന്നെ വധിക്കാന്‍ അധോലോകസംഘം ഗൂഢാലോചന നടത്തിയെന്ന കെഎം ഷാജി എംഎല്‍എയുടെ പരാതിയില്‍ കേസ് അന്വേഷണം തുടരുകയാണെന്ന് കണ്ണൂർ എസ്.പി യതീഷ് ചന്ദ്ര. എംഎല്‍എയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായും യതീഷ് ചന്ദ്ര അറിയിച്ചു. അതേസമയം, എംഎൽഎയെ വധിക്കാനുള്ള പദ്ധതി ചർച്ച ചെയ്യപ്പെട്ട വിവാദ ഓഡിയോ ക്ലിപ്പ് ചോർന്ന ഇ-മെയിലിനെ സംബന്ധിച്ച് ഗൂഗിളിൽ നിന്നും വിവരം തേടുമെന്നും എസ്.പി വ്യക്തമാക്കി.
കേസ് വളരെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. കണ്ണൂർ ഡിവൈഎസ് പി സദാനന്ദന്‍റെ നേതൃത്വത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇൻ്റലിജൻസ് നിരീക്ഷണം നിലവിൽ ശക്തമാക്കിയിട്ടുണ്ട്.
അന്വേഷണത്തിൻ്റെ പുരോഗതി എല്ലാ ദിവസവും താൻ നേരിട്ട് വിലയിരുത്തുന്നുമുണ്ടെന്നും പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാള്‍ ഒളിവിലാണെന്നും എസ് പി വ്യക്തമാക്കി.
കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ സിപിഎം പ്രദേശിക നേതാവ് മുംബൈയിലെ കൊലയാളി സംഘത്തിന് തന്നെ വധിക്കാന്‍ 25 ലക്ഷം രൂപ ക്വട്ടേഷന്‍ നല്‍കിയതായായിരുന്നു അഴീക്കോട് എംഎല്‍എ കെഎം ഷാജിയുടെ പരാതി. വധഭീഷണിയുണ്ടെന്ന എംഎല്‍എയുടെ പരാതിയില്‍ വളപട്ടണം പൊലിസും കേസെടുത്തിട്ടുണ്ട്. 120 ബി പ്രകാരം ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നാണ് കേസ്. പാപ്പിനിശ്ശേരി സ്വദേശി തേജസ് ആണെന്ന് പറഞ്ഞായിരുന്നു വധഭീഷണിയെന്ന് ഷാജി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.