Sat. Jan 18th, 2025

കണ്ണൂര്‍:

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കുട്ടമണിയുടെ കടമുറി ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരത്തുന്ന എസ്ഐ അയ്യപ്പന്‍റെ (ബിജുമോനോന്‍) മാസ് സീന് കണ്ട് മലയാളികള്‍ എല്ലാം അമ്പരന്നിട്ടുണ്ട്. എന്നാല്‍, വിവാഹാലോചനകൾ തുടര്‍ച്ചയായി മുടക്കുകയാണെന്നാരോപിച്ച് അയല്‍വാസിയോട് പ്രതികാരം ചെയ്യാന്‍ കണ്ണൂര്‍ സ്വദേശി കടമെടുത്തത് എസ്ഐ അയ്യപ്പന്‍റെ അതേരീതി തന്നെ.

തിങ്കളാഴ്ച രാവിലെയാണ് കണ്ണൂര്‍ ചെറുപുഴ ഊമലയിലും അരങ്ങേറിയത്. 31കാരനായ ആൽബിന് വരുന്ന വിവാഹലോചനകൾ തുടർച്ചയായി അയൽക്കാരൻ മുടക്കുന്നു എന്നാരോപിച്ചായിരുന്നു അയല്‍വാസിയായ പുളിയർമറ്റത്തിൽ സോജിയുടെ  പലചരക്ക് ഇടിച്ചുനിരത്തിയത്. ആൽബിൻ മാത്യു സ്വന്തം ജെസിബി ഉപയോഗിച്ചായിരുന്നു ഈ കട നിലംപരിശാക്കിയത്.

തന്റെ അഞ്ചോളം വിവാഹ ആലോചനകള്‍ മുടക്കിയെന്നാണ് ആല്‍ബിന്‍ പറയുന്നത്. എന്നാല്‍, ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പലചരക്ക് കട ഉടമയും വ്യക്തമാക്കി. പൊലീസ് അറസ്റ്റ് ചെയ്തു പ്രതിയെ പയ്യന്നൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കട പൊളിക്കാനുപയോഗിച്ച ജെസിബിയും ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.

By Binsha Das

Digital Journalist at Woke Malayalam