തിരുവനന്തപുരം:
ഖാദി സെക്രട്ടറി കെഎ രതീഷിന് ഇരട്ടി ശമ്പളം കൊടുത്ത സംഭവം മാധ്യമ സൃഷ്ടിയാണെന്ന മന്ത്രി ഇപി ജയരാജന്റെ വാദം പൊളിയുന്നു. ശമ്പള വർദ്ധനവിന് മന്ത്രി അംഗീകാരം നൽകിയതായി രതീഷിൻ്റെ കത്ത് പുറത്ത് വന്നതോടെയാണ് മന്ത്രിയുടെ വാദം പൊളിയുന്നത്. ശമ്പള വര്‍ദ്ധനവിന് അംഗീകാരം തേടി ഡയറക്ടർമാർക്ക് അയച്ച കത്തിലാണ് ജയരാജന്‍റെ ഇടപെടൽ വ്യക്തമാക്കുന്നത്.
ഖാദി സെക്രട്ടറിയായ കെഎ രതീഷിന് 90,000 രൂപയുടെ ശമ്പള വർദ്ധനവിന് അംഗീകാരം നൽകിയ നടപടിയാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. കെഎ രതീഷ് ഉൾപ്പെട്ട കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സർക്കാർ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ശമ്പള വർദ്ധനവും പുറത്തായത്. കെ എ രതീഷ് സെപ്റ്റംബർ മാസമാണ് കിൻഫ്ര എംഡിക്ക് സർക്കാർ നിശ്ചയിച്ച ഒരു ലക്ഷത്തി എഴുപതിനായിരം ശമ്പളം തനിക്കും വേണമെന്ന ആവശ്യം ഉന്നയിച്ച് കത്തയച്ചത്. വ്യവസായ വകുപ്പ് മന്ത്രിയും ഖാദി ചെയർമാനുമായ മന്ത്രി ഇപി ജയരാജൻ മിന്നൽ വേഗത്തിൽ അംഗീകാരം നൽകി. പിന്നാലെ, ധനകാര്യവകുപ്പും അംഗീകാരം നൽകുകയായിരുന്നു.