Mon. Dec 23rd, 2024

കൊച്ചി:

അണ്‍ ലോക്ക് ഡൗണ്‍ ഇളവുകളില്‍ കലാകാരന്മാരെ മാത്രം സര്‍ക്കാര്‍ അവഗണിക്കുന്നതായി ആരോപിച്ച് കലാസ്ഥാപനങ്ങഉടമകള്‍  പ്രതിഷേധത്തിന്. അടച്ചു പൂട്ടിയിരുന്ന നൃത്തവിദ്യാലയങ്ങളുടെ പ്രവര്‍ത്തനം  വിജയദശമിദിനത്തില്‍ പുനരാരംഭിച്ചു. കോവിഡ്- 19 അണ്‍ ലോക്ക് പ്രക്രിയകളുടെ ഭാഗമായി മറ്റ് തൊഴില്‍ രംഗങ്ങളിലും പ്രവര്‍ത്തന മേഖലകളിലും നടപ്പാക്കിയ ഇളവുകളുടെ പശ്ചാത്തലത്തില്‍ കലാസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നും കലാകാരന്മാര്‍ക്ക് തൊഴില്‍ ചെയ്യാന്‍ സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണിത്. കലാ സാംസ്കാരിക മേഖലകളില്‍ പ്രവര്ത്തിക്കുന്നവരുടെ കൂട്ടായ്മ, ”കേരള കലാകാര സംയുക്ത സമിതി”യുടെ തീരുമാനപ്രകാരമാണ് പ്രതിഷേധ സൂചകമായി ഇത്തരത്തില്‍ തീരുമാനമെടുത്തത്.           

ഏഴു മാസത്തോളമായി സ്ഥാപനങ്ങള്‍ അടച്ചിട്ടതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന്‌ നൃത്താധ്യാപകരും കുടുംബങ്ങളും പ്രതിസന്ധിയിലായിരുന്നു. ദയനീയസ്ഥിതി ഇവര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മതിയായ പരിഗണന ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ സ്വന്തം നിലയ്‌ക്ക്‌ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.                                                             

ലോക്ക്‌ ഡൗണിനെത്തുടര്‍ന്ന്‌ സമാനതകളില്ലാത്ത പതിസന്ധിയിലാഴ്‌ന്നവരാണ്‌ സംസ്ഥാനത്തെ കലാധ്യാപകരും കലാസ്ഥാപന നടത്തിപ്പുകാരും. ഉപജീവനമാര്‍ഗ്ഗം അടഞ്ഞതോടെ പലരും അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലായി. നീണ്ട ദുരിതകാലം താണ്ടി അണ്‍ലോക്ക്‌ പ്രക്രിയ ആരംഭിച്ചപ്പോഴും ഇവരുടെ പരിദേവനങ്ങള്‍ കേള്‍ക്കാന്‍ ആരോരുമില്ലാതായി. ഇതോടെ ഇനി സ്വന്തം നിലയില്‍ സ്ഥാപനങ്ങള് തുറന്നു പ്രവര്‍ത്തിക്കാനാണ്‌ സംസ്ഥാനത്തെ കലാധ്യാപകരുടെ തീരുമാനം.

ഏഴു മാസത്തോളമായി സ്ഥാപനങ്ങള്‍ അടച്ചിട്ടതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന്‌ നൃത്താധ്യാപകരും കുടുംബങ്ങളും പ്രതിസന്ധിയിലായിരുന്നു. മുന്‍കാലങ്ങളില്‍ പരീക്ഷാക്കാലത്താണ്‌ പൊതുവെ ഈ രംഗത്ത്‌ മാന്ദ്യം അനുഭവപ്പെടാറുള്ളത്‌. യൂത്ത്‌ ഫെസ്റ്റിവല്‍- ഉത്സവകാലമാകുന്നതോടെ അതു വീണ്ടും സജീവമാകും. എന്നാല്‍ ഇത്തവണ കൊവിഡ്‌ വ്യാപിച്ചതോടെ ഇത്‌ നീണ്ടു പോയി.

അണ്‍ലോക്ക്‌ പ്രക്രിയ ആരംഭിച്ചതോടെ മറ്റു മേഖലകളെല്ലാം സാധാരണനിലയിലേക്ക്‌ പ്രവര്‍ത്തനസജ്ജമായെങ്കിലും ഈ മേഖലയെക്കുറിച്ച്‌ നിര്‍ദേശങ്ങളൊന്നും വന്നില്ല. ദയനീയസ്ഥിതി ഇവര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മതിയായ പരിഗണന ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ സ്വന്തം നിലയ്‌ക്ക്‌ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഈ രംഗത്തെ കലാകാരന്മാരുടെ സംഘടനയായ ‘ഡാന്‍സേഴ്‌സ്‌ ആന്‍ഡ്‌ കൊറിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍’ ആഹ്വാനം ചെയ്‌തത്‌.

തൊഴിലെടുക്കാനുള്ള അവകാശം നിഷേധിക്കരുതെന്നാണ്‌ തങ്ങളുടെ ആവശ്യമെന്ന് കേരള കലാകാര സംയുക്ത സമിതി സംസ്ഥാന കോര്‍ഡിനേറ്റര്‍  ബിനു ലോറന്‍സ്‌ വോക്ക് മലയാളത്തോടു പറഞ്ഞു. നൃത്തവിദ്യാലയങ്ങള്‍ വിജയദശമിദിനത്തില്‍ പുനരാരംഭിക്കാനുള്ള തീരുമാനവുമായാണ്‌ ഇപ്പോള്‍ മുമ്പോട്ടു പോകുന്നത്‌. പലരും സ്വന്തം നിലയില്‍ ഇതിനോടകം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.  വിജയദശമി ദിനത്തെ ഈ മേഖലയിലെ അധ്യാപകരും കുട്ടികളും വളരെ വൈകാരികമായാണു കാണുന്നത്‌. ഈ സാഹചര്യത്തിലാണ്‌ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ ചില വിദ്യാലയങ്ങള്‍ ചടങ്ങുകള്‍ നടത്താനും ക്ലാസുകള്‍ പുനരാരംഭിക്കാനും തയാറായത്”

”സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജിം, യോഗാസെന്‍ററുകള്‍ തുടങ്ങിയവ തുറക്കാന്‍ അനുവദിച്ചപ്പോഴും  കലാസ്ഥാപനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ മൗനം തുർരുകയാണ്. അവഗണനയ്ക്കെതിരേ നിവേദനങ്ങളും നിരാഹാരസമരവും വാര്ത്താസമ്മേളനവും നടത്തിയെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പ്രതിഷേധത്തിനു മുതിരുന്നത്. സര്‍ക്കാരിനോടുള്ള വെല്ലുവിളിയായി കാണരുതെന്നും കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഉപജീവനം തേടാനുള്ള അവകാശം പുനസ്ഥാപിക്കുക മാത്രമാണു ചെയ്യുന്നത്”, ബിനു ലോറന്‍സ് പറഞ്ഞു. 

രാഷ്ട്രീയ കേരളത്തെ പരുവപ്പെടുത്തുന്നതില്‍ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്‌. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്‌ക്ക്‌ നാടകവും നൃത്തവുമടങ്ങുന്ന വേദികള്‍ നല്‍കിയ പിന്തുണ ചെറുതല്ല. എന്നാല്‍, പിന്നിട്ട വഴി മറക്കുകയാണോ അധികാരസ്ഥാനങ്ങളിലെത്തിയവരെന്ന്‌ ഈ കലാകാരന്മാര്‍ ചോദിച്ചാല്‍ അത്‌ തള്ളിക്കളയാനാകില്ല.

ഏതായാലും അവഗണനയ്ക്കെതിരേ  പ്രതിഷേധ സൂചകമായെങ്കിലും നൃത്തവിദ്യാലയങ്ങള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതോടെ തങ്ങളുടെ ജീവിതം വീണ്ടും പൂത്തുലയുമെന്നും മാന്ദ്യമനുഭവിക്കുന്ന കലാസാംസ്‌കാരികരംഗത്തിന്‌ ഉണര്‍വ്വാകുമെന്നും അധ്യാപകര്‍ പ്രതീക്ഷിക്കുന്നു.