Sun. Dec 22nd, 2024

 

പാലക്കാട്:

സംസ്ഥാന സർക്കാരിൽ ഇപ്പോഴും വിശ്വാസമുണ്ടെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. രണ്ട് പ്രതികൾ സിപിഐഎം പ്രവർത്തകരാണെന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂവെന്നും മുഖ്യമന്ത്രിയെ കണ്ട് ഒരു വർഷം കഴിഞ്ഞതിനാലാണ് സമരവുമായി രംഗത്തെത്തിയതെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഡിവൈഎസ്പി സോജനെതിരെ നടപടിയെടുത്തേ തീരൂവെന്നും പെൺകുട്ടികളുടെ അമ്മ കൂട്ടിച്ചേർത്തു.

കേസിൽ പെണ്‍കുട്ടികള്‍ക്ക് നീതി തേടി രക്ഷിതാക്കൾ വീട്ടിൽ നടത്തുന്ന സത്യാഗ്രഹം രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ ഇന്ന് രാവിലെ സമരപ്പന്തൽ സന്ദർശിച്ചിരുന്നു. ‘വിധി ദിനം മുതല്‍ ചതി ദിനം വരെ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാതാപിതാക്കൾ സമരം നടത്തുന്നത്.

നീതി ലഭിക്കും വരെ സമരം തുടരാനാണ് കുടുംബത്തിന്റെ തീരുമാനം. കോടതിയിലുള്ള കേസിൽ കുടുംബം ആവശ്യപ്പെടുന്ന പുനരന്വേഷണം എന്ന നിലപാടിനൊപ്പം തന്നെയാണ് സർക്കാരെന്ന് ഇന്നലെ മന്ത്രി എ കെ ബാലൻ പ്രതികരിച്ചിരുന്നു.

 

 

By Athira Sreekumar

Digital Journalist at Woke Malayalam