കോഴിക്കോട്:
മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് സിബി വയലിൽ കോടികൾ തട്ടിയെന്ന പരാതിയില്‍ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിന്റെ മൊഴി ഇഡി രണ്ടാമതും രേഖപ്പെടുത്തുന്നു. ഷൗക്കത്ത് മുഖ്യ സംഘാടകനായ പാട്ടുൽസവത്തിന് സിബി 40 ലക്ഷം രൂപ നല്‍കിയിരുന്നു. പണമിടപാടില്ലെന്നും പാട്ടുൽസവത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് ഇഡിക്ക് നല്‍കുമെന്നും ഷൗക്കത്ത് അറിയിച്ചു.
നേരത്തെ, ഷൗക്കത്ത് അലിയെ ഇഡി പത്ത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് കല്ലായിയിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍. മേരി മാതാ എജ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാനായ സിബി വയലില്‍ നടത്തിയ വിദ്യാഭ്യാസ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ചോദിച്ചറിയാനായാരുന്നു ഈ ചേദ്യം ചെയ്യല്‍. നിലമ്പൂര്‍ പാട്ടുല്‍സവത്തിന് സിബി നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയെന്ന് അന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കഴിഞ്ഞ നവംബറിലാണ് കേസിൽ സിബി അറസ്റ്റിലായത്. ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ മുനിസിപ്പൽ ചെയർമാനായിരിക്കെ ലക്ഷക്കണക്കിന് രൂപയുടെ സ്പോൺസർഷിപ്പുകൾ നൽകിയിരുന്നതായി വ്യക്തമായിരുന്നു.