Fri. Nov 22nd, 2024
വാഷിംഗ്‌ണ്‍:

ഇന്ത്യ ‘മലിനപൂരിത’മാണെന്ന യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ പ്രസ്‌താവനയെ അപഹസിച്ച്‌ എതിര്‍സ്ഥാനാര്‍ഥി ജോ ബൈഡന്‍. സുഹൃത്തുക്കളെക്കുറിച്ച്‌ ട്രംപ്‌ ഇങ്ങനെ പറയേണ്ടതില്ലായിരുന്നുവെന്ന്‌ ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു. കാലാവസ്ഥാവ്യതിയാനം പോലുള്ള ആഗോളപ്രശ്‌നങ്ങളിലുള്ള ട്രംപിന്റെ അബദ്ധധാരണകളാണ്‌ ഇത്തരം പ്രതികരണങ്ങള്‍ക്കു കാരണം.

ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ വംശജ, കമല ഹാരിസും താനും ഇന്ത്യയുമായുള്ള സൗഹൃദത്തിന്‌ വളരെയധികം മൂല്യം കല്‍പ്പിക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ- യുഎസ്‌ സൗഹൃദത്തിന്‌ കൂടുതല്‍ ശോഭനമായ ഭാവിയുണ്ടെന്ന ലേഖനം പങ്കുവെച്ചു കൊണ്ടായിരുന്നു ബൈഡന്റെ പ്രസ്‌താവന.

പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അവസാനഘട്ട സംവാദത്തിനിടെയായിരുന്നു ട്രംപിന്റെ ഇന്ത്യാവിരുദ്ധ പ്രസ്‌താവന. ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ വായുമലിനീകരണം കുറയ്‌ക്കാന്‍ ഒന്നും ചെയ്യുന്നില്ല. ഇന്ത്യയെ നോക്കൂ എത്രമലിനമാണ്‌ അവിടത്തെ വായു- ട്രംപ്‌ ചോദിച്ചു. പാരിസ്‌ ഉടമ്പടിയില്‍ നിന്നു പിന്‍വാങ്ങിയതിനെ ന്യായീകരിച്ചായിരുന്നു ട്രംപിന്റെ പ്രതികരണം.

സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായാണ്‌ ഇന്ത്യക്കാര്‍ ഇതിനെതിരേ പ്രതികരിച്ചത്‌. മലിനപൂരിതമെന്ന വാക്ക്‌ ഇന്ത്യന്‍ സമൂഹത്തെ പ്രകോപിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും പ്രതികരണത്തിന്റെ മുനകള്‍ നീണ്ടു. മോദിയും ട്രംപും അടുത്ത സുഹൃത്തുക്കളാണെന്ന്‌ പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ ഇത്തരത്തിലുള്ള പ്രസ്‌താവന ആത്മാര്‍ത്ഥതയില്ലാത്തതാണെന്നും മോദിക്ക്‌ വേണ്ടി ട്രംപ്‌ ഒരുക്കിയ ഹൗഡി മോഡി പരിപാടിയിലായിരുന്നു ഇതു പറയേണ്ടതെന്നുമായിരുന്നു ബഹുഭൂരിപക്ഷത്തിന്റെയും പ്രതികരണം.