Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ പിടിച്ചുനിര്‍ത്തുന്നതിനായി അണുബാധാ നിയന്ത്രണം ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. അര്‍ബുദ-ഡയാലിസിസ് ചികിത്സാ കേന്ദ്രങ്ങളില്‍ അണുബാധാ നിയന്ത്രണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്നാണ് നിര്‍ദേശം. ഇത്തരം രോഗികളില്‍ കൊവിഡ് മരണനിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ഓഗസ്റ്റ് മാസത്തിലെ കൊവിഡ് മരണ അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്, അര്‍ബുദ-ഡയാലിസിസ് ചികിത്സാ കേന്ദ്രങ്ങളില്‍ അണുബാധാ നിയന്ത്രണം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അര്‍ബുദ ചികിത്സയ്ക്കും ഡയാലിസിസിനും മാത്രമായി ചികിത്സാ കേന്ദ്രങ്ങളിലെത്തുന്ന രോഗികളില്‍ പലര്‍ക്കും കൊവിഡ് ബാധിച്ചിരുന്നു.

ഇത്തരക്കാരില്‍ മരണനിരക്ക് വര്‍ധിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം ചികിത്സാകേന്ദ്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരില്‍ പലര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നതായും ഓഗസ്റ്റ് മാസത്തെ കൊവിഡ് മരണ അവലോകന റിപ്പോര്‍ട്ടിലുണ്ട്.

കൊവിഡ് ബാധിച്ച് മരിച്ചവരില്‍ അധികവും പുരുഷന്മാരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റ് മാസത്തില്‍ 223 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതില്‍ 154 പേരും പുരുഷന്മാരാണ്. സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് പിടിച്ചുനിര്‍ത്താനുളള പ്രയത്‌നത്തിലാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ്. മറ്റു രോഗങ്ങളുളളവരിലും കിടപ്പുരോഗികളിലും പ്രായമായവരിലും നേരിയ തേതിലെങ്കിലും കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ കൊവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പിന്റെ കൊവിഡ് മരണ അവലോകന റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.