തിരുവനന്തപുരം:
മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിക്കെതിരെ ഗുരുതര ആരോപണവുമായി ഡി വൈ എഫ്ഐ നേതാവ് എ എ റഹീം. കെഎം ഷാജി കള്ളപ്പണക്കാരനാണെന്നും എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും റഹീം ആവശ്യപ്പെട്ടു.
ഷാജിയുടെ ആസ്തിയിലുണ്ടായ വന്‍ വര്‍ധനയുടെ ഉറവിടം വെളിപ്പെടുത്തണം. പല തിരഞ്ഞെടുപ്പുകളിലായി അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍നിന്ന് ആസ്തിയുടെ അസാധാരണ വളര്‍ച്ച വ്യക്തമാണ്. ഷാജിവച്ച വീടിന് നാലുകോടി രൂപ വിലമതിക്കും. ഈ പണം ഇഞ്ചികൃഷിയില്‍നിന്നു കിട്ടിയതാണെങ്കില്‍ അക്കാര്യം തിരഞ്ഞെടുപ്പു കാലത്തെ സത്യവാങ്മൂലത്തില്‍ കാണിക്കാത്തതെന്തെന്നും റഹിം ചോദിച്ചു.
2016ല്‍ നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 47 ലക്ഷം രൂപയാണ് തന്റെ ആസ്തിയായി കെ എം. ഷാജി കാണിച്ചത്. ഇതില്‍ 10 ലക്ഷം രൂപ വായ്പയെടുത്തിട്ടുള്ള നിര്‍മാണത്തിലിരിക്കുന്ന വീടിനെപ്പറ്റിയും പറയുന്നുണ്ട്. മൂന്നുമാസത്തിനുശേഷം വേങ്ങേരി വില്ലേജ് ഓഫിസര്‍ ഷാജിയുടെ വീട് അളന്നു. മൂന്നു നിലകളിലായി 5660 ചതുരശ്രയടി വച്ച വീടിന് പിഡബ്ല്യുഡി റേറ്റ് കണക്കാക്കിയാല്‍ തന്നെ നാലുകോടിയിലേറെ രൂപ ചെലവാകുമെന്ന് എ എ റഹിം മാധ്യമങ്ങളോട് പറഞ്ഞു.