Wed. Jan 22nd, 2025
കോട്ടയം:

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.
തനിക്കെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സി.പി.ഐ.എമ്മിന്റെ നിലവാരത്തകര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഏത് ആര്‍എസ്എസ് നേതാവുമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് രാഷ്ട്രീയമാന്യത ലവലേശമുണ്ടെങ്കില്‍ പറയാന്‍ കോടിയേരി തയ്യാറാവണം. അമ്പലത്തില്‍ പോയാല്‍ ആര്‍എസ്.എസ് ആകില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.  ശിവശങ്കറിന്റെ വില പോലും കോടിയേരി ബാലകൃഷ്ണനില്ലെന്നും തിരുവഞ്ചൂര്‍ പരിഹസിച്ചു.

ആദര്‍ശ രാഷ്ട്രീയവും സിപിഎമ്മും തമ്മില്‍ പുലബന്ധം പോലുമില്ല. ചാനല്‍ ചര്‍ച്ചകളില്‍ വരുന്ന സിപിഎം നേതാക്കള്‍ അമ്മപെങ്ങന്മാര്‍പോലും കേള്‍ക്കരുതാത്ത  അറച്ച വാക്കുകളാണ് പ്രയോഗിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇനി തനിക്കെതിരെ പറഞ്ഞാല്‍ താന്‍ അതിനപ്പുറത്തേക്കുള്ള കാര്യങ്ങള്‍ പറയും. അത് കോടിയേരിക്ക് വിഷമമാകും. ചില പൂജകള്‍ തിരിച്ചടിക്കും, അതാണ് ഇപ്പൊ കോടിയേരിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേർത്തു.