Mon. Dec 23rd, 2024

 

കേരളത്തിന് തന്നെ അത്ഭുതമാണ് കാസര്‍കോട് അനന്തപുരം തടാക ക്ഷേത്രത്തിലെ 73 വയസുള്ള “ബബിയ” എന്ന മുതല. അങ്ങനെയിരിക്കെ ചൊവ്വാഴ്ച വൈകീട്ടാണ് ഒരു അപൂര്‍വ കാഴ്ചയ്ക്ക് ക്ഷേത്ര ഭാരവാഹികൾ സാക്ഷിയായത്.

അമ്പലത്തിന് ചുറ്റുമുള്ള തടാകത്തില്‍ നിന്ന് കയറി ക്ഷേത്ര ശ്രീകോവിലിനടുത്തെത്തിയിരിക്കുകയാണ് ബബിയ. തുടർന്ന് ഭഗവാനായി സങ്കൽപ്പിക്കപ്പെടുന്ന ബബിയയ്ക്കു മുന്നിൽ മേൽശാന്തിയായ സുബ്രഹ്മണ്യ ഭട്ട്, പുരുഷ സൂക്തവും വിഷ്ണു  സൂക്തവുമെല്ലാം ചൊല്ലി പ്രാർഥന നടത്തി. ഏതാനും നേരം കഴിഞ്ഞു ബബിയ ഗുഹയിലേയ്ക്ക് മടങ്ങുകയും ചെയ്തു.

കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് അനന്തപുരം. തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ (പത്മനാഭസ്വാമി ക്ഷേത്രം) മൂലസ്ഥാനമായി ഇത് കരുതപ്പെടുന്നു. ഇവിടുത്തെ 73 വയസുള്ള ബബിയ എന്ന മുതല ഒരത്ഭുതമാണ്. മാംസാഹാരം കഴിക്കാത്ത മുതല എന്നാണ് വിശേഷിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷ് പട്ടാളക്കാര്‍ ക്ഷേത്രം നശിപ്പിച്ച കൂട്ടത്തില്‍ ക്ഷേത്രത്തിലുണ്ടായിരുന്ന മുതലയേയും കൊല്ലാന്‍ തീരുമാനിച്ചിരുന്നു.

ഒരു ദിവസം വെയില്‍ കായാന്‍ കിടന്ന മുതലയെ തടാകത്തിന്‍റെ കിഴക്കുവശത്തുളള ആലിന്‍റെ ചുവട്ടില്‍ വച്ച് ഒരു പട്ടാളക്കാരന്‍ വെടി വച്ചു. അതേ സമയത്തു തന്നെ ആലില്‍ നിന്ന് വിഷജന്തു ഇറങ്ങിവന്ന് പട്ടാളക്കാരനെ കടിച്ചു. അപ്പോള്‍ തന്നെ അയാള്‍ മരിച്ചു പോയി. പക്ഷേ, പിറ്റേദിവസം തടാകത്തില്‍ വീണ്ടും ഒരു മുതല പ്രത്യക്ഷപ്പെട്ടെന്നും ആ മുതലയാണ് ഇന്നുളളതെന്നും നാട്ടുകാര്‍ വിശ്വസിക്കുന്നു.

‘ബബിയാ’ എന്നു വിളിച്ചാല്‍ പലപ്പോഴും വെളളത്തിനു മുകളിലേക്ക് പൊങ്ങി വരും ഈ മുതല.മുതലയ്ക്കു നിവേദ്യം ഇവിടെ പ്രധാന വഴിപാടാണ്. ഇഷ്ടകാര്യ സാധ്യത്തിനാണ് ഭക്തര്‍ വഴിപാട് നടത്താറുളളത്. നിവേദ്യം പൂജാരി കുളത്തിലെത്തി കൊടുക്കും. അനുസരണയോടെ കുളത്തില്‍ നിന്നും പൊങ്ങി വന്ന് ഭക്ഷണം കഴിക്കുന്ന ബബിയ എല്ലാവര്‍ക്കും വിസ്മയമാണ് .