മലയാള ചലച്ചിത്രത്തിന് വാഷിങ്ടൺ ഡിസി ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മയായ ഡിസി എസ്എഎഫ്എഫ് (DCSAFF) സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡ്. കേരളത്തിൽ നിന്നുള്ള ‘ഒരു നക്ഷത്രമുള്ള ആകാശം’ എന്ന ചിത്രമാണ് അവാർഡിന് അർഹമായത്. സൗത്ത് ഏഷ്യയിലെ ഒമ്പതിലേറെ രാജ്യങ്ങളിൽ നിന്നായ് അറുപതോളം സിനിമകൾ പങ്കെടുത്ത മത്സരത്തിലാണ് മികച്ച ചിത്രത്തിനുള്ള ഈ പുരസ്കാര നേട്ടം.
മലബാർ മൂവി മേക്കേഴ്സിന്റെ ബാനറിൽ എം.വി.കെ. പ്രദീപ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ അജിത് പുല്ലേരിയും സുനീഷ്ബാബുവുമാണ്. വടക്കേ മലബാറിലെ ഗ്രാമത്തിലെ ഒരു സ്കൂൾ അധ്യാപികയുടെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രം പൊതു വിദ്യാഭ്യാസവും സർക്കാർ സ്കൂളുകളുടെ പ്രാധാന്യവും സമകാലിക സാമൂഹിക പ്രശ്നങ്ങളുമെല്ലാം അവതരിപ്പിക്കുന്നു.
അപർണ ഗോപിനാഥ് ഉമ ടീച്ചർ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിചിരിക്കുന്ന സിനിമയിൽ ഗണേഷ് കുമാർ, സംവിധായകൻ ലാൽജോസ് സന്തോഷ് കീഴാറ്റൂർ ജാഫർ ഇടുക്കി, ഉണ്ണിരാജ, അനിൽ നെടുമങ്ങാട്, സേതുലക്ഷ്മി, നിഷാ സാരംഗ് എന്നിവരും വേഷമിടുന്നു.കൈതപ്രത്തിന്റെ വരികൾക്ക് രാഹുൽ രാജ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതം ദീപാങ്കുരനുമാണ് നിർവഹിച്ചത്. തിരക്കഥ – സുനീഷ് ബാബു, ചായാഗ്രഹണം – സജിത് പുരുഷൻ.