Mon. Dec 23rd, 2024
കൊച്ചി:

മുസ്ലിമുകളാണെങ്കിൽ ഈ ജോലിക്ക് അപേക്ഷിക്കേണ്ടതില്ലെന്ന് അടിക്കുറിപ്പ് നൽകിയിരിക്കുന്ന ഒരു ജോലി പരസ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പ്ലേസ്‌മെൻറ് ഇന്ത്യ എന്ന ജോബ് പോർട്ടലിൽ പ്രസിദ്ധീകരിച്ച ഒരു ജോലി പരസ്യത്തിലാണ് വിചിത്രമായ ഈ കണ്ടീഷൻ പറഞ്ഞിരിക്കുന്നത്. അധ്യാപനം, കൗൺസിലിംഗ്, ട്രെയ്നിങ് തുടങ്ങിയ മേഖലകളിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. വിദ്യാർത്ഥികളെ ഫോണിൽ വിളിച്ച് കൗൺസിലിംഗ് അടക്കം നൽകുന്ന ജോലിയാണെന്ന് പരസ്യത്തിൽ പറയുന്നു.

കൊച്ചിയിലാണ് കൃത്യമായി പേര് പരാമർശിക്കാത്ത ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. സ്ത്രീകളെയും, പുരുഷന്മാരെയും ജോലിയ്ക്കായി ക്ഷണിച്ചിട്ടുണ്ട്. ജോലി സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ ആദ്യം നൽകിയതിന് ശേഷം താഴെയായാണ് “മുസ്ലിമുകൾക്കും  ബി.ടെക്ക് ബിരുദധാരികൾക്കും അപേക്ഷിക്കാൻ കഴിയില്ലെന്ന്” എഴുതിയിരിക്കുന്നത്.

ഷമീർ കെ മുണ്ടോത്ത്‌ എന്ന വ്യക്തിയാണ് പ്ലേസ്‌മെൻറ് ഇന്ത്യ എന്ന സൈറ്റിൽ വന്ന പരസ്യത്തിന്റെ സ്ക്രീൻഷോട്ട് സഹിതം സോഷ്യൽ മീഡിയയിലേക്ക് എത്തിച്ചത്. ഷമീർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് നിരവധിപേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.

കൊച്ചി പഴയ കൊച്ചിയല്ല.മുസ്ലിംകൾ ഈ ജോലിക്ക് അപേക്ഷിക്കേണ്ടതില്ല എന്ന് എന്ന് പരസ്യം കൊടുക്കുന്ന പുതിയ കൊച്ചി.കേരള മുസ്ലിം സമുദായത്തിൽ തീവ്രവാദ ആശയങ്ങൾ പിടിമുറുക്കുന്നു എന്ന് ആവർത്തിച്ചു ആശങ്കാ പോസ്റ്റുകളിടുന്ന വിഷമരങ്ങളായ ചില ലെഫ്റ്റ് ലിബറൽ മാധ്യമപ്രവർത്തകരുടെയടക്കം പ്രവർത്തനങ്ങൾ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു.അവരുട വംശീയവെറിയുടെ രാജ്യം വന്നിരിക്കുന്നു,” എന്ന തലക്കെട്ടോടെയാണ് ഷമീർ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഇതൊരു സങ്കി കമ്പനി ആയിരിക്കും’, കേരളത്തിന് നല്ല പുരോഗമനമുണ്ട്’ തുടങ്ങിയ കമൻറുകളും ആളുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. പലരും അശ്‌ളീല വർഷം തന്നെയാണ് ഈ ജോലി പരസ്യത്തിന് എതിരെ നടത്തിയിരിക്കുന്നത്. പണ്ടൊരിക്കൽ കൊച്ചിയിൽ ഒരു റൂം അന്വേഷിച്ചപ്പോൾ തനിക്ക് മുസ്ലിം ആയതിന്റെ പേരിൽ മുറി നിഷേധിച്ച സംഭവമുണ്ടായെന്ന് ഫൗദ് സനീൻ എന്നൊരാൾ കമന്റ് ചെയ്തിരിക്കുന്നു.

 

By Arya MR