Fri. Oct 18th, 2024

പത്തനംതിട്ട:

സാമ്പത്തികത്തട്ടിപ്പു കേസില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരേ പോലിസ്‌ കേസെടുത്തു. പേപ്പര്‍ കോട്ടണ്‍ മിക്‌സ്‌ നിര്‍മ്മാണ കമ്പനിയില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ്‌ 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്‌. ആറന്മുള സ്വദേശി ഹരികൃഷ്‌ണന്‍ നല്‍കിയ പരാതിയില്‍ അഞ്ചാംപ്രതിയാണു കുമ്മനം.

കോട്ടണ്‍ മിക്‌സ്‌ ബാനര്‍ കമ്പനിയില്‍ പാര്‍ട്‌ണറാക്കാമായിരുന്നു എന്നായിരുന്നു വാഗ്‌ദാനം. നേരിട്ടു കണ്ടപ്പോള്‍ നല്ല സംരംഭമാണെന്ന്‌ വിശ്വസിപ്പിക്കാന്‍ കുമ്മനം ശ്രമിക്കുകയും ചെയ്‌തു. മിസോറം ഗവര്‍ണറായസമയത്താണ്‌ പണം നല്‍കിയതെന്ന്‌ പരാതിയില്‍ പറയുന്നു.

35 ലക്ഷം രൂപ നിക്ഷേപിച്ചെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. ഇതു സംബന്ധിച്ച്‌ ഇക്കാലയളവില്‍ പല തവണ കുമ്മനത്തെയും പ്രവീണിനെയും കണ്ടു സംസാരിക്കുകയും നിരവധി മധ്യസ്ഥചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തു. എന്നാല്‍ ആകെ 6.25 ലക്ഷം രൂപ മാത്രമാണ്‌ തിരിച്ചു കിട്ടിയത്‌. പണം മുഴുവനായി തിരികെ ലഭിക്കാതെ വന്നതോടെയാണ്‌ പരാതി നല്‍കിയതെന്ന്‌ ഹരികൃഷ്‌ണന്‍ പറഞ്ഞു.

കുമ്മനത്തിന്റെ മുന്‍ പ്രൈവറ്റ്‌ അസിസ്റ്റന്റ്‌ പ്രവീണ്‍ ഒന്നാം പ്രതിയായ കേസില്‍ ഒമ്പതു പേരാണ്‌ പ്രതിപ്പട്ടികയിലുള്ളത്‌. കൊല്ലങ്കോട്ട്‌ സ്വദേശി വിജയന്‍, മിസോറം ഗവര്‍ണര്‍ മുന്‍ ഓഫിസ്‌ ജീവനക്കാരന്‍ സേവ്യര്‍, ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എന്‍. ഹരികുമാര്‍, വിജയന്‍, ഭാര്യ കൃഷ്‌ണവേണി എന്നിവരാണ്‌ മറ്റു പ്രധാന പ്രതികള്‍. പണം തിരിമറി, വിശ്വാസവഞ്ചന എന്നീ വകുപ്പുകളില്‍ ഐപിസി 406, 420 വകുപ്പുകളിലാണ്‌ ആറന്മുള പോലീസ്‌ കേസ്‌ ചാര്‍ജ്ജ്‌ ചെയ്‌തിരിക്കുന്നത്‌.