Mon. Dec 23rd, 2024
ന്യൂഡെല്‍ഹി:

ബിഹാറില്‍ നിതീഷ്‌ കുമാറിലൂടെ ഭരണത്തുടര്‍ച്ച ഉറപ്പാക്കാനും ഭരണസ്വാധീനം പ്രകടമാക്കാനും കണ്ണഞ്ചിപ്പിക്കുന്ന മോഹനവാഗ്‌ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ഭരണത്തിലേറിയാല്‍ 19 ലക്ഷം പേര്‍ക്ക്‌ തൊഴിലും സൗജന്യ കൊവിഡ്‌ പ്രതിരോധമരുന്നുമാണ്‌ ‘സങ്കല്‍പ്പ്‌ പത്ര’ എന്ന പേരു നല്‍കിയിരിക്കുന്ന പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനങ്ങള്‍. ഐക്യജനതാദള്‍ നേതാവ്‌ നിതീഷ്‌ തന്നെയാണ്‌ എന്‍ഡിഎ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെന്നും വ്യക്തമാക്കിയിട്ടുണ്ട്‌.

മൂന്നു ലക്ഷം പുതിയ അധ്യാപക നിയമനങ്ങള്‍, ബിഹാറിനെ ഐടി ഹബ്ബാക്കി 10 ലക്ഷം തൊഴിലവസരങ്ങള്‍, ഒരു കോടി വനിതകളെ സ്വയംപര്യാപ്‌തരാക്കും, ആരോഗ്യ മേഖലയില്‍ ഒരു ലക്ഷം തൊഴിലവസരം, 30 ലക്ഷം ഭവനരഹിതര്‍ക്ക്‌ വീട്‌, ഒമ്പതാംക്ലാസ്‌ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനമേശ തുടങ്ങിയവയാണ്‌ മറ്റു വാദ്‌ഗാനങ്ങള്‍.

തൊഴില്‍ തേടി ഇതരസംസ്ഥാനങ്ങളിലേക്ക്‌ പോകുന്നവരില്‍ വലിയൊരു വിഭാഗമാണ്‌ ബിഹാര്‍ജനത. കൊവിഡ്‌ ഇവര്‍ക്കിടയില്‍ വലിയ തോതില്‍ തൊഴില്‍നഷ്ടത്തിനിടയാക്കിയിട്ടുണ്ട്‌. അടുത്തയാഴ്‌ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വലിയ തോതില്‍ ചര്‍ച്ച ചെയ്യുന്നതും ഈ വിഷയമാണ്‌. പ്രതിപക്ഷനേതാവും രാഷ്ട്രീയജനതാദള്‍ തേജസ്വി യാദവ്‌ 10 ലക്ഷം തൊഴിലവസരങ്ങളാണ്‌ വാഗ്‌ദാനം ചെയ്‌തത്‌.

ബിഹാറിനു പുറത്തേക്ക്‌ ജോലി തേടിപ്പോകാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്‌ നിതീഷിന്റെ പരാജയമാണെന്നും തേജസ്വി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന റാലികളില്‍ നിതീഷ്‌, തേജസ്വിയെ അപഹസിക്കുകയായിരുന്നു. അനുഭവപരിജ്ഞാനമില്ലാത്ത തേജസ്വിയുടെ അപക്വതയായി ഇതിനെ കണ്ടാല്‍ മതിയെന്നായിരുന്നു ആക്ഷേപം.

10 ലക്ഷം തൊഴില്‍ വാഗ്‌ദാനം ചെയ്യുന്ന തേജസ്വി ഇതിനുള്ള ഫണ്ട്‌ എങ്ങനെ കണ്ടെത്തുമെന്ന്‌ ബിജെപി ചോദിക്കുന്നു. എന്നാല്‍ ഇതേ വരെ കണ്ടു പിടിക്കാത്ത കൊവിഡ്‌ വാക്‌സിന്‍ എങ്ങനെ സൗജന്യമായി നല്‍കുമെന്ന വാഗ്‌ദാനം ചൂണ്ടിക്കാട്ടിയാണ്‌ പ്രതിപക്ഷം തിരിച്ചടിക്കുന്നത്‌.

243അംഗ നിയമസഭയിലേക്ക്‌ ഒക്‌റ്റോബര്‍ 28നാണ്‌ വോട്ടെടുപ്പ്‌ തുടങ്ങുന്നത്‌. നവംബര്‍ മൂന്നിനും ഏഴിനും നടക്കുന്ന രണ്ടും മൂന്നും ഘട്ടം പോളിംഗിനു ശേഷം 10നാണ്‌ ഫലപ്രഖ്യാപനം.