Mon. Dec 23rd, 2024
ഡൽഹി:

പഞ്ചാബിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ പുതിയ ബില്ലുകൾ പാസാക്കാനൊരുങ്ങി രാജസ്ഥാനും ഛത്തീസ്ഗഡും. പ്രതിപക്ഷത്തിന്റെയും കർഷകരുടെയും എതിർപ്പുകൾ വകവെയ്ക്കാതെ കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക ബില്ലിനെ മറികടക്കാൻ നിയമം പാസാക്കാനാണ് ഈ കോൺഗ്രസ്സ് ഭരണ സംസ്ഥാനങ്ങൾ ശ്രമിക്കുന്നത്.

കേന്ദ്രത്തിന്റെ കാർഷിക ബില്ലിനെതിരെ പഞ്ചാബ് ചൊവ്വാഴ്ചയാണ് പ്രമേയവും   ബില്ലുകളും പാസാക്കിയത്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് പുതിയ കാര്‍ഷിക ബില്ലുകള്‍ പഞ്ചാബ് സർക്കാർ പാസാക്കിയത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം പഞ്ചാബില്‍ നടപ്പാക്കില്ലെന്ന് നേരത്തെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പഞ്ചാബില്‍ നടപ്പാക്കാന്‍ സാധിക്കില്ല. കൂടുതല്‍ നിയമ നടപടികളിലേക്ക് കടക്കുന്ന നീക്കമാണ് പഞ്ചാബ് നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശം പ്രകാരമാണ് പുതിയ ബില്ലുകള്‍ അവതരിപ്പിച്ചത്. ഇത്തരത്തിൽ ബില്ലുകൾ പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്.

താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലയില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കരാറുണ്ടാക്കുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകരമാക്കുന്നതാണ് പഞ്ചാബിലെ പുതിയ ബില്ലുകള്‍. രണ്ടര ഏക്കര്‍ വരെയുള്ള കാര്‍ഷിക ഭൂമി ജപ്തി ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കി. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കരിഞ്ചന്ത തടയുന്നത് കൂടിയാണ് പുതിയ ബില്ലുകള്‍.

പഞ്ചാബിനെ പിന്തുടർന്ന്, കേന്ദ്ര കാർഷിക നിയമം തടുക്കാൻ പുതിയ നിയമങ്ങൾ ഈ മാസം വിളിച്ചുചേർക്കുന്ന പ്രത്യേക നിയസഭ സമ്മേളനത്തിൽ പാസാക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ഭേഗൽ പറഞ്ഞു. ഒക്ടോബർ 27നും 28നുമാണ് സമ്മേളനം നടക്കുന്നത്.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും കേന്ദ്ര കാർഷിക നിയമത്തെ എതിർക്കാൻ ഉടൻ പുതിയ ബില്ലുകൾ പാസാക്കുമെന്നും, അതിനായി നിയസഭ സമ്മേളനം വിളിക്കുമെന്നും പറഞ്ഞു.

 

 

By Arya MR