Fri. Apr 19th, 2024

ചെന്നൈ:

മലയാള സിനിമാവ്യവസായത്തിനടക്കം ഭീഷണിയായിത്തീര്‍ന്ന സിനിമാപൈറസി വെബ്‌സൈറ്റ്‌, തമിള്‍റോക്കേഴ്‌സിന്റെ പ്രവര്‍ത്തനം അടച്ചു പൂട്ടിയതായി റിപ്പോര്‍ട്ട്‌. തിങ്കളാഴ്‌ച വൈകുന്നേരം മുതല്‍ സൈറ്റ്‌ ലഭ്യമാകുന്നില്ല. സിനിമകളുടെ കോപ്പിറൈറ്റവകാശം വാങ്ങി ഒടിടി റിലീസ്‌ ചെയ്യുന്ന ആമസോണ്‍ പ്രൈം നല്‍കിയ പരാതിയിലാണ്‌ നടപടിയെന്നാണ്‌ റിപ്പോര്‍ട്ട്‌.

ദക്ഷിണേന്ത്യന്‍ സിനിമകളുടെ പൈറേറ്റഡ്‌ കോപ്പികള്‍ റിലീസ്‌ ദിവസം തന്നെ അപ്‌ലോഡ്‌ ചെയ്‌തു വന്നതോടെയാണ്‌ തമിള്‍റോക്കേഴ്‌സ്‌ ശ്രദ്ധേയരായത്‌. സിനിമാവ്യവസായത്തിന്റെ നട്ടെല്ലൊടിക്കുന്ന ഇവരുടെ പ്രവര്‍ത്തനത്തിനെതിരേ തമിഴ്‌, തെലുങ്ക്‌, മലയാളം സിനിമാ നിര്‍മാതാക്കളും താരസംഘടനകളും നിരന്തരം നടപടിയാവശ്യപ്പെട്ടു വരുകയായിരുന്നു.

തമിഴ്‌ സിനിമാസംഘടനകളായ നടികര്‍ സംഘവും പ്രൊഡ്യൂസേഴ്‌സ്‌ ചേംബറും ഫെഫ്‌സിയും നടത്തിയ നിരന്തരം പ്രതിഷേധങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഒരു ഘട്ടത്തില്‍ നടികര്‍ സംഘം നേതാവ്‌ വിശാലും തമിഴ്‌ റോക്കേഴ്‌സും നേര്‍ക്കുനേര്‍ വെല്ലുവിളികളുമായി വന്നിരുന്നു. പരാതികളെത്തുടര്‍ന്ന്‌ സൈബര്‍കേസുകളെടുത്തെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല.

ബ്ലോക്ക്‌ ചെയ്യപ്പെടുമ്പോഴെല്ലാം ഡൊമൈനുകള്‍ പുതിയ ലിങ്കുകളിലേക്ക്‌ മാറ്റി കാലതാമസമില്ലാതെ പ്രവര്‍ത്തനം തുടരുന്ന രീതിയാണ്‌ ഇവര്‍ സ്വീകരിച്ചു വരുന്നത്‌. ഇപ്പോള്‍ ഡിജിറ്റല്‍ മില്ലെനിയം കോപ്പിറൈറ്റ്‌ നിയമപ്രകാരം ആമസോണ്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ ‘ഇന്റര്‍നെറ്റ്‌ കോര്‍പ്പറേഷന്‍ ഫോര്‍ അസ്സൈന്‍ഡ്‌ നെയിംസ്‌ ആന്‍ഡ്‌ നമ്പേഴ്‌സ്‌ രജിസ്‌ട്രി’യില്‍ നിന്ന്‌ സൈറ്റ്‌ നീക്കം ചെയ്‌തിരിക്കുന്നതായാണ്‌ വിവരം.