Mon. Dec 23rd, 2024
എറണാകുളം:

കളമശ്ശേരി മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകരുടെ അനാസ്ഥയ്ക്കെതിരെ കൂടുതലാ പേർ രംഗത്ത്. കൊവിഡ് ചികിത്സയിൽ ഇരിക്കെ നേരത്തെ മരിച്ചവരുടെ ബന്ധുക്കളാണ് പരാതിയുമായി എത്തിയത്. വെന്റിലേറ്ററിലേക്ക് മാറ്റുമെന്ന് പറഞ്ഞിട്ടും മൂന്ന് മണിക്കൂർ വൈകിയാണ് മാറ്റിയതെന്ന് നേരത്തെ മരിച്ച ആലുവ സ്വദേശി ബൈഹക്കിയുടെ ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയിൽ മികച്ച പരിചരണം ലഭിച്ചില്ലെന്ന് രോഗി തന്നെ പറഞ്ഞെന്നും ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയിൽ നിന്നും ബൈഹക്കി അയച്ച ഓഡിയോ സന്ദേശങ്ങൾ ഇവർ മാധ്യമങ്ങൾക്ക് നൽകി.

അതേസമയം, മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം കൊവിഡ് രോഗിയായ ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി മരിച്ച ഹാരിസിന്റെ ബന്ധുക്കളുടെയും, മരണസമയത്ത് മെഡിക്കൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ഹാരിസിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളാണ് പൊലീസിനെ സമീപിച്ചത്.

മെഡിക്കൽ കോളേജിൽ രോഗികൾ നഴ്‌സിംഗ് സ്റ്റാഫുമാരുടെ അനാസ്ഥ മൂലം മരണപ്പെട്ടിട്ടുണ്ടെന്നും ഡോക്ടർമാർക്ക് സഹാനുഭൂതിയുള്ളതുകൊണ്ടാണ് ഈ വിവരങ്ങൾ പുറത്തുവിടാത്തതെന്നും പറയുന്ന നഴ്‌സിംഗ് ഓഫീസറുടെ ഒരു ശബ്ദ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. ഇതേ തുടർന്ന്, നഴ്‌സിംഗ് ഓഫീസർ ജലജ ദേവിയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ്, ആശുപത്രിയിലെ ഡോ. നജ്മ സംഭവം സത്യമാണെന്നും എന്നാൽ ഈ വിവരം മറ്റ് നഴ്സുമാരോട് സംസാരിക്കുക മാത്രം ചെയ്ത ജലജാദേവിയെ സസ്പെൻഡ് ചെയ്തത് നീതികേടാണെന്നും ചൂണ്ടിക്കാട്ടി രംഗത്തുവന്നത്. ഈ സംഭവങ്ങളാണ് ഹാരിസിന്റെ മരണത്തിൽ വീട്ടുകാർക്കും സംശയം ജനിപ്പിച്ചത്. തുടർന്ന്, ഇവർ പരാതി നൽകുകയായിരുന്നു. എന്നാൽ, ഡോ. നജ്മയുടെ വാദം തള്ളിയ മെഡിക്കൽ കോളേജ് അധികൃതർ ഹാരിസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പറഞ്ഞു. എന്നാൽ, ഹാരിസിന്റെ മരണസമയത്ത് ഇവർ മരണകാരണം ഹൃദയാഘാതമാണെന്ന് പറഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്.

 

By Arya MR