Mon. Dec 23rd, 2024
കൊച്ചി:

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തി കേന്ദ്രം വിജ്ഞാപനം പുറത്തിറക്കി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം. നവംബർ നാലിന്​ പുതുക്കിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ്​ ചില വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിക്കുന്ന വ്യാജ സന്ദേശത്തിൽ പറയുന്നത്. കേന്ദ്രമന്ത്രി മുഖ്​താർ അബ്ബാസ്​ നഖ്​വി​ പറഞ്ഞതായും സന്ദേശത്തിൽ പറയുന്നു. എന്നാൽ, മന്ത്രിയോ കേന്ദ്ര സർക്കാർ വൃത്തങ്ങളോ ഇതുസംബന്ധിച്ച്​ ഒരു ഔദ്യോഗിക അറിയിപ്പുകളും പുറത്തുവിട്ടിട്ടില്ല.

പെൺകുട്ടികളുടെ വിവാഹപ്രായം ഉടൻ പുതുക്കി നിശ്ചയിക്കുമെന്ന്​ കഴിഞ്ഞ വെള്ളിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.  ‘ഇക്കാര്യത്തിൽ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ്​’ പ്രധാനമന്ത്രി പറഞ്ഞത്. ഇതിനെ ചുറ്റിപ്പറ്റിയാണ്​ ഇപ്പോൾ അഭ്യൂഹങ്ങൾ പടച്ചുവിടുന്നത്​.

നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടേത് 21ഉം ആണ്. ഇത്​ പുതുക്കുന്നത്​ സംബന്ധിച്ച്​ പഠിക്കാൻ സാമൂഹ്യപ്രവർത്തക ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് അടിസ്​ഥാനമാക്കിയാണ്​ തീരുമാനമെടുക്കുക.

മാതൃമരണ നിരക്ക് കുറക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ്​ വിവാഹപ്രായം ഉയർത്തുന്നതിലൂടെ കേന്ദ്രം ലക്‌ഷ്യം വെയ്ക്കുന്നത്. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെണ്‍കുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.

 

By Arya MR